തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും രാത്രി മുഴുവൻ പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞതെന്നും നടി വെളിപ്പെടുത്തി.
സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷിയോട് പരാതി പറഞ്ഞിരുന്നു. എന്നാൽ പിന്നീച് ആരും തന്നെ അതേ കുറിച്ച് ചോദിച്ചിട്ടില്ല. ഒരു നടപടിയും ഉണ്ടായില്ല. പാലേരി മാണിക്യത്തിലും മറ്റ് മലയാളം സിനിമയിലും തനിക്ക് പിന്നീട് അവസരം കിട്ടിയിരുന്നില്ല. സംവിധായകന്റെ മോശം പെരുമാറ്റത്തെ എതിർത്തത് കൊണ്ട് മാത്രമാണ് അവസരം കിട്ടാതെ പോയത്. നാട്ടിലേക്ക് മടങ്ങാനുള്ള പണം പോലും നൽകിയില്ലെന്നും ശ്രീലേഖ പറഞ്ഞു.
അടുത്ത ദിവസം ഒറ്റക്കാണ് നാട്ടിലേക്ക് മടങ്ങിയത്. അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണം. കുറ്റക്കാരുടെ പേര് തുറന്നുപറയാൻ എല്ലാവരും തയ്യാറാകണം. ഹേമ കമ്മിറ്റി പോലുള്ള കമ്മിറ്റികൾ മറ്റ് ഭാഷകളിലും വേണമെന്നും നടി പറഞ്ഞു.