തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണങ്ങൾ തള്ളി ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. ശ്രീലേഖയെ ഓഡീഷന് വിളിച്ചിരുന്നു കഥാപാത്രത്തിന് അനുയോജ്യയല്ലാത്തിനാൽ അവസരം നൽകിയില്ലെന്നും രഞ്ജിത്ത് പ്രതികരിച്ചു. 2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴാണ് ദുരഃനുഭവം ഉണ്ടായതെന്ന് നടി വ്യക്തമാക്കിയത്. ആ രാത്രി ഒരിക്കലും മറക്കാനാവില്ലെന്നും നടി ഭയത്തോടെ പറഞ്ഞു. ഇങ്കിതത്തിന് വഴങ്ങാതിരുന്നതോടെയാണ് അവസരം നിഷേധിച്ചതെന്നും നടി വെളിപ്പെടുത്തി.തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും അവര് പറഞ്ഞു.
ഒഡീഷനെത്തിയ തന്നെ വൈകിട്ട് അണിയറപ്രവർത്തകരുടെ പാർട്ടിക്ക് നിർമാതാവാണ് ക്ഷണിച്ചത്. ഞാനവിടെയെത്തുമ്പോൾ നിരവധിപേരുണ്ടായിരുന്നു. രഞ്ജിത്ത് മുറിയിലേക്ക് ക്ഷണിച്ചു. സിനിമയെ കുറിച്ച് സംസാരിക്കാനെന്ന് കരുതി മുറിയിലെത്തിയപ്പോൾ സംവിധായകൻ കൈയിൽ തൊട്ട് വളകളിൽ പിടിച്ചു. പെട്ടന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞെട്ടിപ്പോയി. മുറിയിൽ നിന്ന് എങ്ങനെയോക്കെയോ അവിടുന്ന് രക്ഷപ്പെട്ടു.
ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞതെന്നും അവർ പറഞ്ഞു. ഓഡീഷനെല്ലാം കഴിഞ്ഞാണ് പാർട്ടിക്ക് വിളിച്ചത്. അകലെയിലെ അഭിനയം കണ്ടാണ് തന്നെ പാലേരി മാണിക്കത്തിലേക്ക് വിളിച്ചത്.സംഭവത്തിൽ പരാതി അറിയിച്ചിരുന്നെങ്കിലും ഒന്നുമുണ്ടായില്ല. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷിയോടാണ്. അതേസമയം ജോഷി ആരോപണങ്ങൾ ശരിവച്ചു. താൻ എവിടെ വേണമെങ്കിലും ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.















