കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീവ് സന്ദർശനം റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ചേക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്. ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് ആണ് വെള്ളിയാഴ്ച ഇക്കാര്യം മാദ്ധ്യമങ്ങളോട് പറഞ്ഞത്.
“നിരവധി രാഷ്‌ട്രത്തലവന്മാരും സർക്കാരും ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ഈ സന്ദർശനങ്ങൾ പൊതു അസംബ്ലി പ്രമേയങ്ങൾ, അന്താരാഷ്‌ട്ര നിയമം, പ്രാദേശിക അഖണ്ഡതയോടുള്ള ബഹുമാനം എന്നിവയ്‌ക്ക് അനുസൃതമായി സംഘർഷം പരിഹരിക്കുന്നതിന് സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു.
പ്രസിഡൻറ് സെലൻസ്കിയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈൻ സന്ദർശിക്കുന്നത്. യുക്രൈൻ സന്ദർശനത്തിന് മുന്നോടിയായി പോളണ്ടിലെത്തിയിരുന്ന പ്രധാനമന്ത്രി റഷ്യ – യുക്രൈൻ സംഘർഷം സമാധാനപരമായി പരിഹരിക്കാനുള്ള കാഴ്ചപ്പാടുകൾ പങ്കുവയ്‌ക്കുമെന്ന് പറഞ്ഞിരുന്നു.















