ന്യൂഡൽഹി: ബിരുദദാന ചടങ്ങുകളിൽ കൊളോണിയൽ കാലത്തെ വസ്ത്രധാരണ രീതി വേണ്ടെന്ന് കേന്ദ്രം. എയിംസ് ഉൾപ്പെടെയുള്ള പ്രശസ്ത സ്ഥാപനങ്ങളോടും കേന്ദ്ര സർക്കാർ നടത്തുന്ന എല്ലാ മെഡിക്കൽ ടീച്ചിംഗ് സ്ഥാപനങ്ങളോടും കൊളോണിയൽ കാലത്തെ വസ്ത്രധാരണത്തിൽ നിന്ന് വിട്ടുനിൽക്കാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശം നൽകി.
കൊളോണിയൽ പൈതൃകങ്ങൾ ഉപേക്ഷിക്കാനും ഇന്ത്യൻ പാരമ്പര്യങ്ങളെ ഉൾക്കൊള്ളാനും ലക്ഷ്യമിടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പഞ്ചപ്രാൺ’ ആശയവുമായി ബന്ധപ്പെട്ടതാണ് പുതിയ നടപടി. ബിരുദദാന ചടങ്ങുകളിൽ കറുത്ത കുപ്പായവും തൊപ്പിയും ധരിക്കുന്ന നിലവിലെ രീതി മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ നിന്നാണ് ഉത്ഭവിച്ചതെന്നും ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിൽ കൊണ്ടുവന്നതാണെന്നും മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഓരോ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക പാരമ്പര്യങ്ങളും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന പുതിയ കോൺവൊക്കേഷൻ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യാൻ മന്ത്രാലയം സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചു. പുതിയ ഡ്രസ് കോഡിനുള്ള നിദ്ദേശങ്ങൾ മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.















