തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ വേട്ടക്കാരുടെ പേരില്ലാതെ കേസെടുക്കാൻ വകുപ്പില്ലെന്ന പറഞ്ഞ സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഉയർന്ന പരാതിയിൽ നടപടിയെടുക്കുമോ? ബംഗാളി നടിയും ഇടതുപക്ഷ സഹായാത്രികയും ആക്ടിവിസ്റ്റുമായ ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ പീഡന പരാതി ഉന്നയിച്ചത്. അവർ പരാതി കൊടുക്കാനും തയാറാണെന്ന് വ്യക്തമാക്കി.
അതേസമയം ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ് സർക്കാരും സാംസ്കാരിക വകുപ്പും. പീഡന ആരോപണം നേരിടുന്നയാളെ സുപ്രധാന പദവിയിൽ തുടരൻ അനുവദിക്കുന്നതിന്റെ ധാർമികത എന്തെന്ന ചോദ്യവും ഉയർന്നു. ഇരയ്ക്കാെപ്പമെന്ന് പറയുമ്പോഴും വേട്ടക്കാരനെ പിന്തുണയ്ക്കുന്ന നിലപാടാണ് സർക്കാർ പുലർത്തുന്നതെന്ന് ഇതിനിടെ ആക്ഷേപവും ഉയർന്നു.
ചലച്ചിത്ര അക്കാദമിയിലെ ദാർഷ്ഠ്യവും ആധിപത്യവും പുറത്തുവന്നപ്പോഴും രഞ്ജിത്തിനെ വിഖ്യാത സംവിധായകനെന്ന് പുകഴ്ത്തി മാറോണയ്ക്കുന്ന സംസ്കാരിക മന്ത്രിയെയാണ് പൊതു സമൂഹം കണ്ടത്. അക്കാദമി അംഗങ്ങൾ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് അന്നുയർത്തിയത് എന്നാൽ അപ്പോഴും സർക്കാർ മൗനം തുടരുകയായിരുന്നു. ശ്രീലേഖ മിത്രയുടെ പരാതി ഡോക്യുമെൻ്ററി സംവിധായകൻ ജോഷിക്കും ഏഴുത്തുകാരി കെ.ആർ മീരയ്ക്കും അറിയാമെന്ന കാര്യവും ഇതിനിടെ പുറത്തുവന്നു. ജോഷി പരാതിയുടെ കാര്യം സ്ഥിരീകരിക്കുകയും എവിടെയും നടിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പുരോഗമന പ്രസ്ഥാനങ്ങളിൽ സജീവ സാന്നിദ്ധ്യമായ മീര ഒര് അക്ഷരം പോലും മിണ്ടിയിട്ടില്ല.