വാഷിംഗ്ടൺ: സിറിയയിലെ അൽ-ഖ്വയ്ദ ഭീകരനെ വധിച്ച് യുഎസ് സൈന്യം. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ ഹുറാസ് അൽ-ദിൻ ഷൂറ കൗൺസിൽ അംഗവും സിറിയയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന അബു അബ്ദുൾ റഹ്മാൻ അൽ മക്കിയെയാണ് അമേരിക്കൻ സൈന്യം വകവരുത്തിയത്.
അമേരിക്കയിൽ ഉൾപ്പടെ ആഗോള തലത്തിൽ വ്യാപകമായി ഭീകാരാക്രമണം നടത്താനായി അൽ-ഖ്വയ്ദയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഭീകര സംഘടനയാണ് ഹുറാസ് അൽ-ദിൻ എന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്‌കോം) സൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു. മോട്ടോർ സൈക്കിളിൽ ഡ്രോൺ ആക്രമണം നടത്തുന്നതിനിടെ സൈന്യത്തിന്റെ പ്രത്യാക്രമണത്തിലാണ് മക്കിയെ വധിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരായ അന്താരാഷ്‌ട്ര സഖ്യത്തിന്റെ ഭാഗമായി യുഎസിന്റെ 900 സൈനികരോളം സിറിയയയിലുണ്ട്. ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങൾ കൈയടക്കിയ ജിഹാദികളെ നേരിടാനായി 2014-ലാണ് സഖ്യം രൂപീകൃതമായത്.















