കീവ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനത്തെ പ്രശംസിച്ച് പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി. യുക്രെയ്‌ന്റെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും ഇന്ത്യ പിന്തുണയ്ക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും, അന്താരാഷ്‌ട്ര നിയമങ്ങളോടുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാണെന്നും സെലൻസ്‌കി പറയുന്നു.
യുക്രെയ്‌നിൽ കൊല്ലപ്പെട്ട കുട്ടികൾക്ക് ആദരമർപ്പിച്ചാണ് പ്രധാനമന്ത്രി രാജ്യസന്ദർശനത്തിന് തുടക്കമിട്ടതെന്നും സെലൻസ്‌കി പ്രശംസിച്ചു. പോരാട്ടം ആരംഭിച്ചതിന് ശേഷം ഇന്ത്യ നൽകിയ മാനുഷിക സഹായങ്ങൾക്ക് എല്ലായ്‌പ്പോഴും താൻ നന്ദിയുള്ളവനായിരിക്കുമെന്നും സെലൻസ്‌കി പ്രധാനമന്ത്രിയെ അറിയിച്ചു. ”ഇന്ത്യ-യുക്രെയ്ൻ നയതന്ത്രബന്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി രാജ്യത്തെത്തുന്നത്. റഷ്യയുമായുള്ള പോരാട്ടം ഉൾപ്പെടെ പല നിർണായക വിഷയങ്ങളിലും ഞങ്ങൾ ചർച്ചകൾ നടത്തി. യുദ്ധത്തിലുടനീളം ഇന്ത്യ മാനുഷിക സഹായങ്ങൾ കൈമാറി. ഇതിൽ എല്ലാക്കാലത്തും ഞാൻ അവരോട് കടപ്പെട്ടിരിക്കുന്നു.
ഇന്ത്യ അന്താരാഷ്‌ട്ര നിയമങ്ങളോട് പ്രതിജ്ഞാബദ്ധത പുലർത്തുന്നുണ്ട്. രാജ്യത്തിന്റെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും അവർ പിന്തുണയ്‌ക്കുന്നു എന്നത് വലിയ പ്രാധാന്യത്തോടെയാണ് ഞങ്ങൾ കാണുന്നത്. സമാധാനം പുന:സ്ഥാപിക്കപ്പെടണം എന്ന നിലപാടാണ് ഇന്ത്യ എന്നും ആവർത്തിച്ചിട്ടുള്ളത്. ഇന്ത്യയുടെ നിലപാടുകൾ ഞങ്ങൾക്കും വലിയ പ്രതീക്ഷകൾ നൽകുന്നു. കൂടുതൽ ആഗോള നേതാക്കൾ യുക്രെയ്ൻ സന്ദർശിക്കുകയും അവരുടെ പിന്തുണ നൽകുന്നുവെന്നതും പ്രധാനമാണ്.
ഇന്ത്യയുമായി നിർണായക ഉഭയകക്ഷി ചർച്ചകളും നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉറപ്പാക്കിക്കൊണ്ട് നാല് നിർണായക രേഖകളിലാണ് ഞങ്ങളുടെ പ്രതിനിധികൾ ഒപ്പുവച്ചത്. സൈനിക സഹകരണം ഉൾപ്പെടെ പല മേഖലകളിലും കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ടെന്നും” സെലൻസ്‌കി പറഞ്ഞു. ചർച്ചകൾ നടത്തി മാത്രമേ ഈ വിഷയത്തിൽ പ്രശ്‌നപരിഹാരം നടക്കാൻ സാധിക്കുകയുള്ളു എന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ചയിൽ ആവർത്തിച്ചു. ഇന്ത്യ ഒരിക്കലും നിഷ്പക്ഷമായിരുന്നില്ല, സമാധാനത്തിന്റെ പക്ഷത്താണ് ഇന്ത്യയെന്നും പ്രധാനമന്ത്രി സെലൻസ്‌കിയോട് പറഞ്ഞു.സമാധാനത്തിന്റെ പാതയിൽ കൃത്യമായ പങ്ക് വഹിക്കാൻ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.















