ദിസ്പൂർ: അസമിലെ കൂട്ട ബലാത്സംഗക്കേസിലെ മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതിന് പിന്നാലെ കുളത്തിലേക്ക് ചാടി മരിച്ചു. അസമിലെ ധിംഗിൽ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഉൾപ്പെട്ട മൂന്ന് പ്രതികളിൽ ഒരാളാണ് മരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി രംഗം പുനഃസൃഷ്ടിക്കുന്നതിനിടയാണ് സംഭവം. പ്രതി കൈവിലങ്ങുമായി കുളത്തിലേക്ക് ചാടുയായിരുന്നു
വെള്ളിയാഴ്ച അറസ്റ്റിലായ മുഖ്യപ്രതി തഫാസുൽ ഇസ്ലാമാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിൽ ചാടി മരിച്ചത്. രംഗം പുനഃസൃഷ്ടിക്കുന്നതിനായി പുലർച്ചെ 3.30 ഓടെ പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. ഇവിടെ വച്ച് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിലേക്ക് ചാടി. ഉടൻ തന്നെ തിരച്ചിൽ ആരംഭിച്ചു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്, പൊലീസ് പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചത്. തുടർന്ന് പരിക്കേറ്റ് അബോധാവസ്ഥയിലായ പെൺകുട്ടിയെ മൂവർ സംഘം റോഡരികിലെ കുളത്തിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. നാട്ടുകാർ നടത്തിയ തെരച്ചിലിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇവർ പൊലീസിനെ വിവരമറിയിച്ചു. കേസിൽ ഇതുവരെ രണ്ട് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. മൂന്നാമനായി അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.















