സുരേഷ് ഗോപി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെ.എസ്.കെ. പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. സിനിമയുടെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. വീണ്ടും വക്കീൽ വേഷത്തിലെത്തുന്ന സുരേഷ് ഗോപിയുടെ വ്യത്യസ്തമായ ലുക്ക് തന്നെയായിരുന്നു സിനിമയുടെ പ്രധാന ആകർഷണം. ഷൂട്ടിംഗ് പൂർത്തിയായ സിനിമയുടെ റിലീസ് ചില കാരണങ്ങൾ കൊണ്ട് നീണ്ട് പോയിരുന്നു. ഇപ്പോഴിതാ, സിനിമയുടെ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പ്രവീൺ നാരായണൻ.
നവംബർ 7 /2022 ൽ ഇരിങ്ങാലക്കുടയിൽ തുടങ്ങിയതാണ് ജാനകിയുടെ (JSK) ഷൂട്ട്. ഷൂട്ട് ഡേയ്സ് കൗണ്ട് ചെയ്തിട്ടില്ല! 8 ഷെഡ്യൂൾ ബാംഗ്ലൂർ, നാഗർകോവിൽ, കേരളം (തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂർ) ഒക്കെ ആയിരുന്നു ലൊക്കേഷൻസ്.
“മെസേജുകളിൽ കൂടിയും വിളിച്ചും നേരിട്ടും വിവരങ്ങൾ അന്വേഷിക്കുന്ന എല്ലാവരോടും ഒരുപാട് നന്ദി. വീണു പോയ പല സന്ദർഭങ്ങളിലും പിടിച്ചു നിർത്തിയതും മുന്നോട്ട് കൊണ്ടു പോയതും നിങ്ങൾ എല്ലാവരും കൂടിയാണ്. ജാനകിയുടെ അവസാന മിനുക്കു പണികൾ നടന്നു കൊണ്ടിരിക്കുന്നു”-പ്രവീൺ നാരായണൻ ഫേസ്ബുക്കിൽ കുറിച്ചു.
കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരണും കൃഷ്ണമൂർത്തിയും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണ, എഡിറ്റർ സംജിത് മുഹമ്മദ്, മ്യൂസിക് ഗിരീഷ് നാരായണൻ, ആർട്ട് ജയൻ ക്രയോൺ, കോസ്റ്റ്യൂം അരുൺ മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, പ്രൊഡക്ഷൻ കൺട്രോളർ മുരുഗദാസ് മോഹൻ എന്നിവരാണ് അണിയറ പ്രവർത്തകർ.















