കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ തുടയിൽ സൂചി തുളച്ച് കയറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ കൂട്ട നടപടിക്ക് ശുപാർശ. ആശുപത്രി ജീവനക്കാർക്ക് വീഴ്ച സംഭവിച്ചുവെന്നാണ് ഡിഎംഒയുടെ റിപ്പോർട്ട്.
കായംകുളം താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ചെത്തിയ കുട്ടിയെ അത്യാഹിത വിഭാഗത്തിലെ കട്ടിലിൽ ഇരുത്തിയപ്പോഴാണ് തുടയിൽ സൂചി തുളച്ച് കയറിയത്. പിന്നീട് കുട്ടിക്ക് നിരന്തരമായ പരിശോധനകൾ അടക്കം നടത്തി മാത്രമേ മുന്നോട് പോകാനാകൂ എന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. കുട്ടിയുടെ കുടുംബം ഇതിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
അതിനുശേഷം മാത്രമാണ് സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് പുറത്തുവന്ന ഡിഎംഒയുടെ അന്വേഷണ റിപ്പോർട്ടിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി കൃത്യമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഒരു കൂട്ടനടപടിക്ക് ശുപാർശ നൽകിയിരിക്കുന്നത്. സ്ഥലംമാറ്റം അടക്കമുള്ള നടപടികളാണ് ഉണ്ടാകാൻ സാധ്യത. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിംഗ് ജീവനക്കാർ, അസിസ്റ്റന്റുമാർ, ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർക്കെതിരെയാണ് നടപടിയുണ്ടാവുക.















