തിരുവനന്തപുരം: സ്ത്രീകൾ ഉന്നയിക്കുന്ന പരാതികളിൽ ആരോപണ വിധേയർ എത്ര ഉന്നത സ്ഥാനത്തുള്ളവരായാലും നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി. സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി മാദ്ധ്യമങ്ങളിലൂടെയാണ് കാണാൻ ഇടയായതെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പറഞ്ഞു. പരാതികളിന്മേൽ കമ്മീഷൻ സർക്കാരിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെടും. പരാതിപ്പെടുന്നവർക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.
രേഖാമൂലമുള്ള പരാതി ആവശ്യമില്ല. മാദ്ധ്യമങ്ങളിലൂടെ ഉന്നയിച്ചിട്ടുള്ള പരാതികളിന്മേൽ അന്വേഷണവും അതനുസരിച്ച് നടപടിയുമുണ്ടാകണം. ആരോപണം തെളിയുന്ന പക്ഷം കുറ്റം ചെയ്തവർക്കെതിരെ സർക്കാരാണ് നടപടിയെടുക്കേണ്ടതെന്നും സതീദേവി പറഞ്ഞു.
പരാതിപ്പെടാൻ സ്ത്രീകൾ മുന്നോട്ട് വരണം. കേരളത്തിൽ പല പ്രമുഖരുടെയും പേരിൽ ഇത്തരത്തിൽ കേസുകൾ എടുത്തിട്ടുണ്ട്. ഇവർക്കെതിരെ നടപടികളും ഉണ്ടായിട്ടുണ്ട്. തെറ്റുചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പ്രമുഖർക്കെതിരെ ആരോപണങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ പ്രാഥമിക പരിശോധന നടത്തിക്കൊണ്ട് നടപടിയെടുക്കാൻ സർക്കാർ തയാറാകുമെന്നാണ് പ്രതീക്ഷയെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ കൂട്ടിച്ചേർത്തു.















