കീവ്: യുക്രെയ്ൻ സന്ദർശനത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ കവചമൊരുക്കി എസ്പിജി കമാൻഡോ സംഘം. കീവിലെ മോദിയുടെ 7 മണിക്കൂർ നീണ്ട സന്ദർശനവേളയിൽ എസ്പിജി സംഘം പൂർണ്ണമായും ജാഗ്രതയിലായിരുന്നു. റഷ്യയുമായി ഇന്ത്യ തുടരുന്ന നയതന്ത്രബന്ധത്തിൽ യുക്രെയ്ൻ ജനതയ്‌ക്കിടയിൽ അതൃപ്തി നിലനിൽക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ കർശനമാക്കുകയായിരുന്നു.
കീവിലെ ഒയാസിസിലുള്ള പീസ് പാർക്കിലെ ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്താൻ മോദിയെത്തിയപ്പോൾ അറുപതംഗ എസ്പിജി കമാൻഡോ സംഘം പ്രദേശം വളഞ്ഞു. ബുള്ളറ്റ് പ്രൂഫ് സുരക്ഷാ കവചമാണ് മോദിക്കായി സംഘം ഒരുക്കിയത്. എസ്പിജി ഡയറക്ടർ ആലോക് ശർമയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു സുരക്ഷാ ചുമതല. പ്രധാനമന്ത്രി യുക്രെയ്ൻ സന്ദർശനം പൂർത്തിയാക്കി പോളണ്ടിലേക്ക് തിരികെ ട്രെയിൻ കയറുന്നതുവരെ കമാൻഡോ സംഘം പഴുതടച്ച സുരക്ഷ ഉറപ്പാക്കി. പ്രധാനമന്ത്രി പോളണ്ടിൽ നിന്നും ഇന്ന് രാത്രി ന്യൂഡൽഹിയിലേക്ക് തിരിക്കും.
ഇന്ത്യ നിഷ്പക്ഷരല്ല എല്ലായ്‌പ്പോഴും സമാധാനത്തിന്റെ പക്ഷത്താണെന്ന വ്യക്തമായ സന്ദേശമാണ് മോദി യുക്രെയ്ൻ സന്ദർശനത്തിലൂടെ നൽകിയത്. യുക്രെയ്‌നിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളിലും സജീവമായ പങ്ക് വഹിക്കാൻ ഇന്ത്യ എപ്പോഴും തയ്യാറാണെന്നും പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയെ പ്രധാനമന്ത്രി അറിയിച്ചിട്ടുമുണ്ട്.