മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് വെളിപ്പെടുത്തി നടി ശ്വേതാ മേനോൻ (Shweta Menon). ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിൽ സർക്കാർ സംഘടിപ്പിക്കുമെന്ന് പറയുന്ന സിനിമ കോൺക്ലേവിൽ വിശ്വാസമില്ലെന്നും താരം തുറന്നുപറഞ്ഞു.
സിനിമയിൽ സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ചൂഷണത്തിന് വിധേയമാകുന്നുണ്ട്. പവർ ഗ്രൂപ്പ് കാരണം 9 സിനിമകളിൽ നിന്ന് മാറ്റിനിർത്തപ്പെട്ടു. പവർഗ്രൂപ്പിൽ സ്ത്രീകളുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ കർശനമായിട്ടുള്ള നിയമം വരണം. റിപ്പോർട്ട് പുറത്തുവരാൻ അഞ്ച് വർഷം വൈകിപ്പിച്ചുവെന്നുള്ളത് വീഴ്ചയാണ്.
തന്റെയടുത്ത് ആരും മോശമായി പെരുമാറിയിട്ടില്ല. നോ പറയേണ്ടിടത്ത് നോ പറയാൻ തനിക്ക് അറിയാം. പരാതി പറഞ്ഞാൽ കുറ്റപ്പെടുത്തൽ നേരിടേണ്ടി വരുന്നതു കൊണ്ടാണ് ധൈര്യപൂർവം ആരും മുന്നോട്ടുവരാത്തതെന്നും ശ്വേതാ മേനോൻ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൽ (Ranjith) നിന്ന് മോശം അനുഭവം നേരിട്ടുവെന്ന ബംഗാളി നടിയുടെ ആരോപണം ഞെട്ടിപ്പിക്കുന്നതാണെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി. പാലേരി മാണിക്യത്തിന്റെ സെറ്റിൽ താൻ ദുരനുഭവം നേരിട്ടിട്ടില്ല. ബംഗാളി നടിക്ക് അത്തരമൊരു അനുഭവം നേരിടേണ്ടി വന്നുവെങ്കിൽ അവരെ അത് മാനസികമായി ബാധിച്ചിട്ടുണ്ടാകും. താൻ അടങ്ങിയ ഷൂട്ടിംഗ് സൈറ്റിൽ അത്തരം ഒരു വിഷയമുണ്ടായതായി നേരത്തെ അറിഞ്ഞിരുന്നില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ രഞ്ജിത്തിനെ മാറ്റിനിർത്തണമെന്നും അവർ നിലപാടറിയിച്ചു.















