ചെന്നൈ: കൃഷ്ണഗിരിയിൽ എൻ.സി.സി. വ്യാജ ക്യാമ്പ് പീഡനക്കേസിലെ മുഖ്യപ്രതിയുടെയും പിതാവിന്റേയും ദുരൂഹ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ. ഇത് സംബന്ധിച്ച് അണ്ണാമലൈ എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ ആവശ്യം ഉന്നയിച്ചത് :
“കൃഷ്ണഗിരി ജില്ല പാർക്കൂരിനടുത്ത് സ്വകാര്യ സ്‌കൂളിൽ , വ്യാജ എൻസിസി ക്യാമ്പ് നടത്തി, സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, നാം തമിഴ്‌നാട് പാർട്ടി ഭാരവാഹി ശിവരാമൻ, എലിവിഷം കഴിച്ചു മരിച്ചെന്ന വാർത്തകൾ പുറത്തുവരുന്നു.
കഴിഞ്ഞ 19-ന് അയാളെ അറസ്റ്റ് ചെയ്തു,അയാൾ രക്ഷപ്പെടാൻ ശ്രമിച്ചതായി പറഞ്ഞു കാൽ തകർന്ന അവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയ്‌ക്ക് വിധേയനാക്കി. പക്ഷെ അയാൾ എലിവിഷം കഴിച്ചതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നില്ല. ആശുപത്രിയിലും അയാൾക്ക് എന്തെങ്കിലും അസുഖം ഉള്ളതായി തോന്നിയില്ല. ഇപ്പോൾ വാർത്തകളിൽ പറയുന്നത് കഴിഞ്ഞ 16 മുതൽ 18 വരെ രണ്ട് ദിവസങ്ങളിലും അയാൾ എലി വിഷം കഴിച്ചതായിട്ടാണ്.
23 .08 .2024 രാവിലെ, അയാൾ മരണമടഞ്ഞതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ 16 മുതൽ 18 വരെയുള്ള തീയതികളിൽ എലിവിഷം കഴിച്ചതായി പറയപ്പെട്ടയാൾ, ഇന്നലെ വൈകുന്നേരം വരെ, അഞ്ച് ദിവസമായി, ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഇല്ലാതെ മരിച്ചിരിക്കുന്നു .അഞ്ച് ദിവസമായി, കാൽ തകർന്ന അവസ്ഥയിൽ ആശുപത്രിയിൽ ചികിത്സ ലഭിച്ച ഒരാൾക്ക്, ശരീരത്തിൽ മറ്റെന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടായതായി കണ്ടില്ലേ? കൂടാതെ പിതാവ് അശോക് കുമാറും വാഹനാപകടത്തിൽ മരിച്ചതായാണ് വിവരം.
രണ്ട് മരണങ്ങളും ദുരൂഹതയുള്ളതാണ്. ലൈംഗിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളുടെ പേരുകൾ മറ്റാരെങ്കിലും വെളിപ്പെടുത്തുമെന്ന് ഭയന്ന് ശിവരാമൻ കൊല്ലപ്പെട്ടിരിക്കുമോയെന്ന് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കണം. കേസിൽ ഉൾപ്പെട്ടവരെല്ലാം യഥാർത്ഥത്തിൽ കുറ്റവാളികളാണോ അതോ ആരെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിലാണോ അച്ഛന്റെയും മകന്റെയും മരണം നടന്നതെന്ന സംശയം ശക്തമാണ്. സ്‌കൂൾ വിദ്യാർത്ഥിനികൾക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച് രൂപീകരിച്ച പ്രത്യേക അന്വേഷണ സമിതി സമഗ്രമായ അന്വേഷണം നടത്തി ഈ ചോദ്യങ്ങൾക്കുള്ള യഥാർത്ഥ ഉത്തരം പുറത്തുകൊണ്ടുവരണം. ”
കെ അണ്ണാമലൈ പറഞ്ഞു.
എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ.പളനിസ്വാമിയും കൃഷ്ണഗിരി ലൈംഗികാതിക്രമക്കേസിലെ പ്രതിയുടെയും പിതാവിന്റെയും മരണത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് വെള്ളിയാഴ്ച സംശയം ഉന്നയിച്ചു .
ശിവരാമനെ കൊലപ്പെടുത്തിയതാണോ എന്ന് ആളുകൾ സംശയിക്കുന്നുണ്ടെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവരുടെ പേരുകൾ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) വെളിപ്പെടുത്തുമായിരുന്നുവെന്നും പളനിസ്വാമി പ്രസ്താവനയിൽ പറഞ്ഞു. എത്ര കാലം, എത്ര തവണ വ്യാജ എൻസിസി ക്യാമ്പുകൾ നടത്തി, മറ്റേതെങ്കിലും ജില്ലയിൽ ഇത്തരം ക്യാമ്പുകൾ നടത്തിയിട്ടുണ്ടോ, എന്നീ ചോദ്യങ്ങൾക്കും ഉത്തരം വേണം.. എടപ്പാടി പറഞ്ഞു.