നടൻ നാഗാർജുന അക്കിനേനിയുടെ (Nagarjuna Akkineni) ഉടമസ്ഥതയിലുള്ള എൻ കൺവെൻഷൻ സെൻ്റർ പൊളിച്ചുമാറ്റി ഹൈദരാബാദ് ഡിസാസ്റ്റർ റെസ്‌പോൺസ് ആൻഡ് അസറ്റ് പ്രൊട്ടക്ഷൻ (HYDRA). ഹൈദരാബാദിലെ മദാപൂരിൽ തമ്മിടി കുന്ത തടാകത്തിന് സമീപം സ്ഥിതിചെയ്യുന്ന കൺവെൻഷൻ സെന്ററാണ് പൊളിച്ചുനീക്കാൻ ആരംഭിച്ചത്.
തമ്മിടി കുന്ത തടാകത്തിന്റെ ഫുൾടാങ്ക് ലെവൽ ഏരിയയിലാണ് കൺവെൻഷൻ സെന്റർ സ്ഥിതിചെയ്യുന്നതെന്ന് ആരോപിച്ചാണ് നടപടി. പൊളിച്ചുമാറ്റൽ നടപടിക്രമങ്ങൾ തടസമില്ലാതെ പൂർത്തിയാക്കുന്നതിനായി അധികൃതർക്ക് സുരക്ഷയൊരുക്കാൻ മതിയായ പൊലീസുകാരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.
തടാകത്തിന്റെ FTL മേഖലയായി കണക്കാക്കുന്ന സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കാത്ത സാഹചര്യത്തിലാണ് നാഗാർജുനയുടെ കൺവെൻഷൻ സെന്റർ അനധികൃത നിർമിതിയാണെന്ന് വിലയിരുത്തിയത്.
സ്റ്റേ ഉത്തരവും കോടതിയിൽ കേസും നിലനിൽക്കെ കൺവെൻഷൻ സെന്റർ പൊളിച്ചുമാറ്റുന്ന നടപടി അത്യധികം വേദനിപ്പിക്കുന്നതാണെന്ന് ഉടമ നാഗാർജുന പ്രതികരിച്ചു. പൊളിച്ചുമാറ്റുന്നതിന് സ്റ്റേ ഉത്തരവുണ്ടായിട്ടും അതിന് പുല്ലുവിലയാണ് അധികൃതർ കൽപ്പിച്ചത്. നടപടിക്ക് മുൻപായി ഒരു നോട്ടീസ് പോലും നൽകിയില്ല. അധികൃതർ നടത്തിയ ഈ നിയമവിരുദ്ധ നീക്കത്തിനെതിരെ കോടതിയിൽ നിന്ന് പരിഹാരം തേടുമെന്നും നടൻ അറിയിച്ചു.















