ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ വളരെ ഗുരുതരമാണെന്നും താരസംഘടനയായ അമ്മ ഇതിൽ ശക്തമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉർവശി. മോശം അനുഭവം നേരിട്ടിട്ടുണ്ട്, എന്നാലിപ്പോൾ അത് തുറന്നുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
മറ്റ് സിനിമാ മേഖലയിൽ നിന്നുള്ളവരും ഇപ്പോൾ ആശങ്കയിലാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ തമിഴ് ഇൻഡസ്ട്രിയിൽ നിന്ന് പലരും വിളിച്ച് ചോദിച്ചു. ഇതൊക്കെ സത്യം തന്നെയാണോ? തമിഴ്നാട്ടിൽ നിന്ന് എത്രയോ പേർ അവിടെ വന്ന് ജോലി ചെയ്യുന്നു? അവർ അവിടെ സുരക്ഷിതരാകുമോ? എന്നൊക്കെയാണ് അവർ ചോദിക്കുന്നത്.
സിനിമാ സെറ്റിൽ നിന്ന് മോശം നോട്ടം പോലും നേരിട്ടില്ല, എന്ന് പറയാൻ എനിക്ക് കഴിയില്ല. മോശം അനുഭവം എനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ മൺമറഞ്ഞുപോയവരുടെ കുടുംബത്തെ ഓർത്ത് ഇനിയൊന്നും പറയുന്നില്ല. സിനിമയെന്നത് മോശപ്പെട്ട മേഖലയേയല്ല. എല്ലാ മേഖലകളിലും പരാതികളുണ്ട്. സ്ത്രീകൾ എവിടെയും സുരക്ഷിതരല്ല, പലവിധ പ്രയാസങ്ങൾ സ്ത്രീകൾ എല്ലാ മേഖലകളിലും നേരിടുന്നുണ്ട്. പക്ഷെ, ലൈംഗികാതിക്രമം, അതെവിടെയായാലും വച്ചുപൊറുപ്പിക്കരുത്. പരാതി പറഞ്ഞ സ്ത്രീകളുടെ ഒപ്പം നിലകൊള്ളും. ഇരകൾക്കൊപ്പമാണ് ഞാനുള്ളത്. – ഉർവശി വ്യക്തമാക്കി.















