ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങൾ വളരെ ഗുരുതരമാണെന്നും താരസംഘടനയായ അമ്മ ഇതിൽ ശക്തമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉർവശി. ഒഴുക്കൻ മട്ടിലുള്ള പ്രതികരണം ഒഴിവാക്കണം, തെന്നിയും മാറിയുമുള്ള നിലപാടുകൾ സ്വീകരിക്കാതെ ഇരകൾക്കൊപ്പം നിൽക്കാൻ അമ്മ സംഘടന മുന്നോട്ട് വരണമെന്നും ഉർവശി പറഞ്ഞു.
അമ്മ ഇങ്ങനെ ഇടപെട്ടാൽ പോരാ. സിദ്ദിഖ് നടത്തിയ ഒഴുക്കൻ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു, ശക്തമായ പ്രതികരണമായിരുന്നു വേണ്ടത്. ഇക്കാര്യത്തിൽ അമ്മ സംഘടനയാണ് ആദ്യം ശക്തമായ നടപടിയെടുക്കേണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് വലിയ പ്രാധാന്യം കൊടുക്കണം.
എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട ആർട്ടിസ്റ്റിനെ അകറ്റി നിർത്താൻ അമ്മയ്‌ക്ക് സാധിക്കുമെങ്കിൽ ഇക്കാര്യത്തിലും ശക്തമായ നടപടിയെടുക്കണം. രക്ഷിക്കാൻ അറിയുന്നവർക്കേ ശിക്ഷിക്കാനും അവകാശമുള്ളൂ. എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചുചേർത്ത് എത്രയും വേഗം വിഷയം ചർച്ച ചെയ്യണം. പഠിക്കാൻ സമയം വേണമെന്ന് പറഞ്ഞ് ഇടപെടൽ വൈകരുത്.
രഞ്ജിത്തിനെതിരായ ആരോപണം ഗൗരവമുള്ളതാണ്. പുറത്തുനിന്നുള്ള നടിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. അവർക്ക് അങ്ങനെയൊരു മോശം അനുഭവമുണ്ടായെങ്കിൽ അവർ അവരുടെ നാട്ടിൽ ചെന്ന് നമ്മുടെ സിനിമാ മേഖലയെക്കുറിച്ച് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക. അതിനാൽ പരാതിയുള്ളവർ ധൈര്യമായി രംഗത്തുവരണം. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകണം. – ഉർവശി വ്യക്തമാക്കി.















