ഗാന്ധിജിയുടെ ആശയാദർശങ്ങളിലൂടെ സ്വാതന്ത്ര്യ സമര തീച്ചൂളയിലേക്ക് എടുത്തുചാടി കേരള ഗാന്ധിയെന്നപേരിൽ അറിയപ്പെട്ട കേളപ്പജിയുടെ കർമ്മഭൂമിയിൽ ഇന്നു കാണുന്നത് നെഞ്ചു തകരും കാഴ്ചകൾ.കേളപ്പജിയുടെ സ്മാരകഭൂമിയായ ശാന്തി കുടീരം വികസനത്തിന്റെ മറവിൽ ഉൻമൂലനം ചെയ്യാൻ ആസൂത്രിത നീക്കം. കോഴിക്കോട് സർവ്വോദയ സംഘത്തിന്റെപിന്തുണയോടെ ശാന്തികുടീരഭൂമി പിളർത്തി അപ്രോച്ച് റോഡിനു വേണ്ടി കുറ്റി നാട്ടി പൊതുമരാമത്ത് വകുപ്പ്.

കേളപ്പജിയുടെ കട്ടിൽ പരിപാലനമില്ലാതെ ജീർണ്ണിച്ച അവസ്ഥയിൽ
സർവ്വോദയപ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളോടെ നിലനിന്നിരുന്ന കെട്ടിടംതകർത്തു. തകർക്കപ്പെട്ട കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മഴയും വെയിലുമേറ്റ് അനാഥമായി കിടക്കുന്നു കേളപ്പജിയുടെവിരലടയാളം പതിഞ്ഞ പുരാതന നൂൽനൂൽപ്പുയന്ത്രം. തൊട്ടപ്പുറത്ത് പെരുച്ചാഴി മാന്തി ഉയർത്തിയ മൺകൂനയിൽ അദ്ദേഹത്തിന്റെ ഓഫീസ്മുറി.കേളപ്പജിയുടെ സന്തത സഹചാരിയായിരുന്ന മലബാറിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അഡ്വ: പുന്നയ്‌ക്കൽ കുട്ടിശ്ശങ്കരൻ നായരുടെ ബ്ലാക്ക് ആൻ്റ് വൈറ്റ്ഫോട്ടോ.

അതേ മുറിയിൽ മണ്ണും പൊടിയും പിടിച്ച് വികൃതമായി കിടക്കുന്നു . ഭൂസമരത്തിന്റെ ഭാഗമായി കേളപ്പജി നടത്തിയ ഉപവാസത്തിന്റെ ബാക്കിപത്രമായ അദ്ദേഹത്തിന്റെ കട്ടിൽ തകർന്നു കിടക്കുന്നു. കേളപ്പജി മരണത്തിന് തൊട്ടു രണ്ടു മാസം മുമ്പുവരെ ഇരുന്നിരുന്ന കസേരയുടെ ചുവട്ടിൽ പ്രസവിക്കാനായി പട്ടി കുഴിച്ച വലിയ ഗർത്തം. ഏതൊരു ദേശ സ്നേഹിയുടേയും യഥാർത്ഥഗാന്ധിയൻ്റേയും സ്വാതന്ത്ര്യസമര സേനാനിയുടേയും നെഞ്ചകം തകരുന്ന കാഴ്ചയാണിത്.

കേളപ്പജി സ്മാരകത്തിനുള്ളിൽ പട്ടി പെറ്റമട
കെ.ടി.ജലീൽ എം.എൽ.എ.യുടെ മണ്ഡലമായ തവനൂരിലെ ശാന്തികുടീരത്തിലാണ് സ്വാതന്ത്ര്യ സമര സേനാനികളേയും യഥാർത്ഥ ഗാന്ധിയൻമാരേയും അപമാനിക്കുന്ന നീക്കമുണ്ടായിരിക്കുന്നത്. കേളപ്പജിയുടെ സ്മരണ ഇല്ലാതാക്കണമെന്ന പതിറ്റാണ്ടുകൾക്കു മുമ്പ്കൈക്കൊണ്ട തീരുമാനം യാഥാർത്ഥ്യമാക്കാൻ നിഗൂഢശക്തികൾക്കു സാധിച്ചു. ഇന്ത്യയിലെ ഏക ത്രിമൂർത്തി സ്നാനഘട്ടിന്റെ വിശ്വാസത്തേയും കേളപ്പജിയുടെ സ്മാരകത്തേയും തകർക്കുക എന്നത് കെ.ടി. ജലീലിന്റെ കൂടി സ്വപ്നമായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേളപ്പജിയുടെ കസേര ജീർണ്ണിച്ച അവസ്ഥയിൽ
ഗാന്ധിജിയുടെ ആശയാദർശങ്ങളിലൂടെ സ്വാതന്ത്യ സമരതീച്ചൂളയിലേക്ക് എടുത്തുചാടിയ മലബാറിലെ രണ്ട് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളാണ്തിരൂരിലെ പുന്നക്കൽ കുട്ടിശ്ശങ്കരൻ നായരും കേളപ്പജിയും. സ്വാതന്ത്ര്യലബ്ധിക്ക്ശേഷംഇരുവരും രാഷ്‌ട്രീയം ഉപേക്ഷിച്ച് ഗാന്ധിജിയുടെ ഗ്രാമസ്വരാജ് യാഥാർത്ഥ്യമാക്കാൻ രംഗത്തിറങ്ങി. കേളപ്പജി തെരഞ്ഞെടുത്തത് ഭാരതപ്പുഴയോരത്തായിരുന്നു. സർവ്വോദയ സംഘത്തിന്റെ അദ്ധ്യക്ഷനായിരുന്ന കേളപ്പജി തവനൂർ ഗ്രാമത്തിലെത്തിയത് ഗ്രാമ സ്വരാജ് സ്വപ്നം തവനൂരിൽപൂവണിയിക്കാനായിരുന്നു. ഗ്രാമീണർക്ക് ചർക്കയും നൂലും കൊടുത്ത് നെയ്‌ത്തു പഠിപ്പിക്കാനും ഖാദി ഉപയോഗം ശീലിപ്പിക്കാനും തീരുമാനിച്ചു .

കേളപ്പജിയുടെ നെയ്തു യന്ത്രം തകർന്ന നിലയിൽ
ഗാന്ധിയനായിരുന്ന തവനൂർമനക്കൽ വാസുദേവൻ നമ്പൂതിരി സൗജന്യമായി വിട്ടു നൽകിയ ഒരേക്കർ ഭൂമിയിൽ ഒരു ഓലപ്പുര കെട്ടി കേളപ്പജി അതിൽ താമസിച്ചാണ് തന്റെ കർമ്മമണ്ഡലം പടുത്തുയർത്തിയത്. ഖാദിയുടെപ്രചാരണം ,ഭൂദാനം, സാക്ഷരത, ഹരിജനോദ്ധാരണം, ഹിന്ദിപ്രചാരണം, ആരാധനാ സ്വാതന്ത്ര്യ പ്രസ്ഥാനം, കുഷ്ഠരോഗ നിർമ്മാർജ്ജനം എന്നിവക്കെല്ലാം ഈ ഓലക്കുടിലിൽ ഇരുന്ന് അദ്ദേഹം നേതൃത്വം നൽകി. ഭൂദാനവുമായി ബന്ധപ്പെട്ട് ദിവസങ്ങളോളം നീണ്ടു നിന്ന ഉപവാസ സമരം കേളപ്പജി നടത്തിയതും ഇവിടെ വച്ചു തന്നെ.

കേളപ്പജിയുടെ ഓഫീസിന്റെ ഇന്നത്തെ അവസ്ഥ
സർവോദയ സംഘത്തിന്റെ പ്രവർത്തനത്തിലൂടെ തവനൂരിലെ ഗ്രാമീണർ നെയ്‌ത്തു പഠിച്ചു. ചർക്ക കറങ്ങുന്നശബ്ദം കേളപ്പജിയുടെ കർമ്മഭൂമിയുടെ ഹൃദയതാളമായി. 1971ഒക്ടോബർഏഴിനാണ് കേളപ്പജി നിര്യാതനായത്. തുടർന്ന്അദ്ദേഹത്തിന്റെ കർമ്മഭൂമി ശാന്തി കുടീരം എന്ന പേരിൽ അറിയപ്പെട്ടു. നിയന്ത്രണം പൂർണ്ണമായും കോഴിക്കോട് സർവ്വോദയസംഘത്തിന്റെ നിയന്ത്രണത്തിലുമായി.
ഓരോവർഷവുംഫിബ്രവരി13 ന് തിരുന്നാവായഗാന്ധിസ്മാരകത്തിൽ നിന്നും തവനൂരിലെ ശാന്തികുടീരത്തിലേക്ക്”രഘുപതി രാഘവ രാജാറാം”പാടിക്കൊണ്ടുള്ള ഗാന്ധിയൻമാരുടെ ശാന്തിയാത്ര ചരിത്രപ്രസിദ്ധമാണ്. ഇ.എം.എസ്, വി.വി.ഗിരി തുടങ്ങിയ അനേകം നേതാക്കൾ സർവ്വോദയമേളയ്‌ക്ക് ശാന്തി കുടീരത്തിൽ എത്തിച്ചേരാറുണ്ടായിരുന്നു.

കേളപ്പജിയുടെ സ്മാരകത്തിന്റെ മേൽക്കൂര തകർന്ന നിലയിൽ
സ്വാതന്ത്ര്യസമരചരിത്രമൊക്കെ പുസ്ത താളുകളിൽ ഒതുങ്ങിയതോടെ ഗാന്ധിയൻമാരായി അഭിനയിക്കുന്നവർക്ക് കേളപ്പജിയുടെ ചരിത്രം കേട്ട അറിവു പോലുമില്ലാതായി. ഇങ്ങനെയൊരുഅവസ്ഥയ്‌ക്കായി കാത്തുനിന്നവരാണ്കേളപ്പജിയുടെ സ്മാരകം തകർത്തത്. നിർദ്ദിഷ്ടതവനൂർതിരുന്നാവായ പാലത്തിന് തെറ്റായ അലൈൻമെൻ്റ് അംഗീകരിച്ച് കേളപ്പജിയുടെ ശാന്തികുടീരഭൂമി ഇല്ലാതാക്കുകയാണ്. ഭൂമിയെപൂർണ്ണമായും പകുത്ത് അവശേഷിക്കുന്ന ഭൂമി പോലും ഉപയോഗശൂന്യമാക്കി പാലത്തിന്റെ അപ്രോച്ച് റോഡിനു വേണ്ടി ശാന്തി കുടീരഭൂമിയിൽ കുറ്റി നാട്ടിയിരിക്കുകയാണ്.വാ തോരാതെ ദേശസ്നേഹം പറയുന്നവരും വെള്ളത്തിൽ പഞ്ഞിയിട്ട് ചീർത്ത പോലെ ഖദറിട്ടു നടക്കുന്ന ഒരുത്തനേയും ഈദുരന്തഭൂമിയിൽ കണ്ടില്ല.

കേളപ്പജിയുടെ സ്മാരകം തകർത്ത നിലയിൽ
പത്രപ്രവർത്തകൻ പി.സുജാതൻ മുമ്പൊരിക്കൽ കേളപ്പജിക്കെതിരെയുള്ള പ്രവർത്തനത്തെപ്പറ്റി എഴുതിയത് കാലിക പ്രസക്തമാണ്.ഗാന്ധിജിയെ കൊന്നത് ഗോദ്സെയാണെന്ന് എല്ലാവർക്കും അറിയാം.എന്നാൽ കേരള ഗാന്ധി കേളപ്പജിയെ കൊല്ലാതെ കൊന്ന കേരളഗോദ്സെമാരെക്കുറിച്ചാണ് സുജാതൻ എഴുതിയത്. കേരള ഗോദ്സെകൾക്ക് മരണമില്ല. അവർ പലപേരുകളിലും പല രൂപങ്ങളിലും ജീവിക്കുന്നുണ്ട് എന്നായിരുന്നു പ്രസ്തുത വരികളുടെ സംക്ഷിപ്തം.അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭം മുതലുള്ള സമരങ്ങൾക്കു നേതൃത്വം നൽകിയ കേളപ്പജിയോട് കമ്യൂണിസ്റ്റ് കാർക്കും ഇസ്ലാമിക മതമൗലികവാദികൾക്കും വൈരാഗ്യമുണ്ടായിരുന്നു. അന്ന് അവരെടുത്ത ഒരു
അലിഖിത തീരുമാനമുണ്ട്. കേളപ്പജിയെ ചരിത്രത്തിൽ നിന്നും ഓർമ്മകളിൽ നിന്നും മായ്‌ക്കുക. അതാണോ ഇവിടെ സംഭവിച്ചത് ?.കേരളം ചർച്ച ചെയ്യേണ്ട വിഷയമാണിത്. ജനം കണ്ണ് തുറന്നു കാണണം ഈ അതിക്രമങ്ങൾ.
കേളപ്പജിയുടെ സ്മാരക ഭൂമിയുടെ മധ്യഭാത്ത് കൂടി റോഡ് നിർമ്മിക്കാൻ നാട്ടിയ കുറ്റി
കേളപ്പജിയുടെ സ്മാരകം തകർത്തത് സർക്കാരിന്റെ തീരുമാനമാണോ എന്നു വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്നും വലിയ തെറ്റ് സംഭവിച്ചിട്ടുണ്ട്. തെറ്റ് തിരുത്തുമെന്ന്പ്രതീക്ഷിക്കുന്നു.
തിരൂർ ദിനേശ്
Phone : 99954 44629















