ബംഗാളി നടിയുടെ ആരോപണത്തെ തുടർന്ന് രഞ്ജിത്ത് ചുമതല ഒഴിയണമെന്ന് ആവശ്യപ്പെടാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി നടനും സിപിഎം എംഎൽഎയുമായ മുകേഷ്. രഞ്ജിത്ത് തന്റെ സഹപ്രവർത്തകനും അടുത്ത സുഹൃത്തുമാണെന്ന് മുകേഷ് വ്യക്തമാക്കി.
“കലാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളെയും സഹോദരിമാരെയും ആരെങ്കിലും ഏതെങ്കിലും തരത്തിൽ ദ്രോഹിക്കുകയോ വിഷമിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഞാൻ ഒരു കലാകുടുംബത്തിൽ നിന്നുള്ളയാളാണ്. എന്റെ അമ്മ, സഹോദരി എല്ലാം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും അഭിനയിക്കുന്നു. കുടുംബത്തിൽ ഒരുപാട് പേർ നാടകരംഗത്തും സീരിയൽ രംഗത്തും ഒക്കെ പ്രവർത്തിക്കുന്നുണ്ട്. കലാരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ജോലി ചെയ്യാൻ അനുയോജ്യമായ സാഹചര്യം അവിടെ ഉണ്ടാകണമെന്ന് തന്നെയാണ് പറയാനുള്ളത്. എന്റെയടുത്ത് ആരും പരാതിയായി വന്നിട്ടില്ല. പണ്ടുമുതലേ അങ്ങനെ വന്നിട്ടില്ല.
പവർ ഗ്രൂപ്പ് സിനിമയിൽ ഉള്ളതായി അറിയില്ല. അങ്ങനെയൊരു പവറൊന്നും സിനിമയിൽ വരാൻ സാധ്യതയില്ല. കോടിക്കണക്കിന് രൂപ മുതൽമുടക്കുന്ന സിനിമയിൽ പവർ ഗ്രൂപ്പ് കൊണ്ടുവരുന്ന ആൾ അഭിനയിച്ച് ആ സിനിമ പൊളിഞ്ഞുപോയാൽ എന്തു ചെയ്യും?
രഞ്ജിത്തിന്റെ കേസ് അന്വേഷിക്കട്ടെ, അദ്ദേഹം രാജിവയ്‌ക്കണമെന്നോ വെക്കേണ്ട എന്നോ ഞാൻ പറയില്ല. കാരണം അയാൾ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടതിന് ശേഷം അയാൾ നിരപരാധിയാണെന്ന് തെളിഞ്ഞാൽ പിന്നെ അയാളുടെ മുഖത്ത് ഞാൻ എങ്ങനെ നോക്കും? രാജി വെക്കേണ്ടതില്ലെന്ന് പറഞ്ഞാലും ഇതുപോലെ തന്നെയാണ്. രഞ്ജിത്ത് എന്റെ സഹപ്രവർത്തകനാണ്. ഏറ്റവും അടുത്ത സുഹൃത്താണ്. അദ്ദേഹം പറയുന്നത് തെറ്റ് ചെയ്തിട്ടില്ലെന്നാണ്. ഈയൊരു സാഹചര്യത്തിൽ സംഭവം അന്വേഷിക്കട്ടെ. എന്നിട്ട് കണ്ടുപിടിക്കട്ടെ.” – മുകേഷ് പ്രതികരിച്ചു.















