തിരുവനന്തപുരം: ചെയർമാൻ സ്ഥാനം ഒഴിയുന്നതിൽ തീരുമാനം എടുക്കേണ്ടത് രഞ്ജിത്തെന്ന് ചലച്ചിത്ര അക്കാദമി ജനറൽ കമ്മിറ്റി അംഗം മനോജ് കാന. രഞ്ജിത്ത് സ്ഥാനം ഒഴിയുന്നതാണ് അദ്ദേഹത്തിനും അക്കാദമിക്കും നല്ലതെന്നും മനോജ് കാന പറഞ്ഞു. രഞ്ജിത്തിനെതിരെ ഉയർന്ന ബംഗാളി നടിയുടെ വെളുപ്പെടുത്തലിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രഞ്ജിത്തുമായി ബന്ധപ്പെട്ട വിഷയമാണിത്. അപ്പോൾ സ്ഥാനമൊഴിയുന്ന കാര്യം തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. അമ്മ സംഘടനയുടെ പ്രതിനിധി ആയാണ് ജോമോൾ സംസാരിക്കേണ്ടിയിരുന്നത്. എന്നാൽ അവരുടെ വ്യക്തിപരമായ കാര്യങ്ങളാണ് പറഞ്ഞത്. സംഘടനയുടെ പ്രതിനിധി ആകുമ്പോൾ സംഘടനക്ക് വേണ്ടിയാണ് സംസാരിക്കേണ്ടത്. അല്ലാതെ തനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല എന്നൊന്നുമല്ല പറയേണ്ടതെന്നും മനോജ് കാന പറഞ്ഞു.
സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറി എന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളുപ്പെടുത്തലിന് പിന്നാലെ രഞ്ജിത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വിഷയത്തിൽ മൗനം പാലിക്കുകയാണ് സർക്കാരും സാംസ്കാരിക വകുപ്പും. ചെങ്ങുന്നൂരിൽ മന്ത്രി സജിചെറിയാന്റെ കോലം കത്തിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.















