തിരുവനന്തപുരം: സ്ത്രീ പ്രതിനിധി എന്ന നിലയിൽ ജോമോൾ പറഞ്ഞത് ശരിയായില്ലെന്ന് നടി ഉഷ. മുഖം നോക്കാതെ പ്രതികരിക്കുന്ന ആൾക്കാരെയാണ് ആ കമ്മിറ്റിയിൽ കൊണ്ടുവരേണ്ടതെന്നും അമ്മ സംഘടന സ്ത്രീപക്ഷം നിൽക്കണമെന്നും ഉഷ പറഞ്ഞു. മലയാള സിനിമാ മേഖലയിൽ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് സംസാരിക്കവെയാണ് താരം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
അമ്മ സംഘടന സത്രീപക്ഷം നിൽക്കണം എന്നാണ് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ സ്ത്രീകളെ പ്രതിനിധീകരിച്ച് നിൽക്കുന്ന വ്യക്തിയുടെ പ്രതികരണം കേട്ടപ്പോൾ ശരിക്കും വിഷമമായി. വനിതകളെ പ്രതിനിധീകരിച്ച് നിൽക്കുന്ന കമ്മിറ്റി അംഗങ്ങൾ സ്ത്രീകൾ നേരിടുന്ന പ്രശന്ങ്ങളിൽ ഇടപെടുകയും കൃത്യമായി സംസാരിക്കുകയും ചെയ്യണം.
അത് തന്നെയാണ് നമ്മൾ എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. അറിവില്ലായ്മ കൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത്. എന്തായാലും ആ സംസാരിച്ചത് തീരെ ശരിയായില്ല. എന്നാൽ, സ്ത്രീകൾക്ക് അനുകൂലമായാണ് നടൻ ജഗദീഷ് പ്രതികരിച്ചതെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിൽ വളരെയധികം സന്തോഷമുണ്ടെന്നും ഉഷ പ്രതികരിച്ചു.















