കൊച്ചി: അമ്മ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് നടൻ സിദ്ദിഖ്. യുവ നടിയുടെ ലൈംഗിക ആരോപണത്തെ തുടർന്നാണ് രാജി. അമ്മ പ്രസിഡൻ്റ് മോഹൻലാലിന് ഇ-മെയിൽ വഴി രാജിക്കത്തയച്ചു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് സിദ്ദിഖ് പറഞ്ഞു.
തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണ്. സംഘടനയ്‌ക്ക് അത് മോശമാണെന്നും മോഹന്‍ലാലിന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു. ഈ രാജിക്കത്ത് സിദ്ദിഖ് അമ്മയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിലും ഇട്ടിട്ടുണ്ട്.
നടി രേവതി സമ്പത്താണ് ഇന്നലെ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. 2016 ല്‍ പ്രായപൂര്‍ത്തിയാകും മുന്‍പ് പീഡിപ്പിച്ചുവെന്നാണ് ആരോപണം. വ്യാജമെന്ന് കരുതിയ ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സിദ്ദിഖ് തന്നെ ബന്ധപ്പെട്ടതെന്നും ചർച്ചയ്‌ക്കെന്ന പേരിൽ മാസ്‌കറ്റ് ഹോട്ടലിൽ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്‌തെന്നും രേവതി ആരോപിച്ചു. മോളേ എന്ന് വിളിച്ചാണ് സിദ്ദിഖ് തന്നെ സമീപിച്ചതെന്നും മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും രേവതി സമ്പത്ത് വ്യക്തമാക്കിയിരുന്നു.















