കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവച്ചു. ബംഗാൾ നടി ശ്രീലേഖ മിത്രയുടെ ലൈംഗിക ആരോപണത്തെ തുടർന്നാണ് രഞ്ജിത്ത് രാജി വയ്‌ക്കാൻ നിർബന്ധിതനായത്. ഔദ്യോഗികമായി സർക്കാരിന് രാജി കത്ത് കൈമാറി.
സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് രഞ്ജിത്തിനും രാജിക്ക് വഴങ്ങേണ്ടി വന്നത്. രഞ്ജിത്തിനെ സംരക്ഷിക്കാൻ സാംസ്കാരിക മന്ത്രി സജി ചെറിയാനും സർക്കാരും പരിശ്രമിച്ചെങ്കിലും കലാ സംസ്കാരിക രാഷ്‌ട്രീയ മേഖലയിൽ നിന്നുണ്ടായ സമ്മർദ്ദമാണ് രാജിക്ക് പിന്നിൽ.
ഇന്ന് രാവിലെ രഞ്ജിത്ത് രാജി സന്നദ്ധത അറിയിച്ചിരുന്നു. വയനാട് തൃക്കൈപ്പറ്റയിലെ സ്വന്തം റിസോർട്ടിലുണ്ടായിരുന്ന രഞ്ജിത്ത് ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. ചെയർമാൻ ബോർഡ് അഴിച്ചുമാറ്റിയാണ് ഔദ്യോഗിക വാഹനം അവിടെ നിന്നും പോയത്. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് അദ്ദേഹം രാജി വയ്‌ക്കുമെന്ന് അറിയിച്ചത്.
‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ രഞ്ജിത്ത് മുറിയിലെത്തിയെന്നും രഞ്ജിത്ത് കൈയിൽ തൊട്ട് വളകളിൽ പിടിച്ചു. പിന്നാലെ കഴുത്തിലും മുടിയിലും തലോടിയെന്നുമായിരുന്നു ബംഗാളി നടിയുടെ വെളിപ്പെടുത്തൽ. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ലെന്നും ശ്രീലേഖ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഓഡിഷന് വേണ്ടി വിളച്ചതാണെന്നും കഥാപാത്രത്തിന് അനുയോജ്യമല്ലെന്ന് കണ്ടതോടെയാണ് സിനിമയിലെടുക്കാതിരുന്നതെന്നായിരുന്നു രഞ്ജിത്തിന്റെ വാദം.















