തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങൾ നേരിട്ടതിനെ തുടർന്ന് സംവിധായകൻ രഞ്ജിത്തും നടൻ സിദ്ദിഖും ചുമതലകളിൽ നിന്ന് രാജിവച്ചത് ഇടതുപക്ഷ നീതിബോധത്തിന്റെ വിജയമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മലയാള സിനിമയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇടതുപക്ഷത്തിന്റെ വിജയമാണ് തെളിയിക്കുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രബുദ്ധകേരളത്തിന്റെ സാംസ്കാരികൗന്നത്യത്തിന്റെ മുഖത്ത് കളങ്കമേശരുതെന്നാണ് ഇടതുപക്ഷം ചിന്തിക്കുന്നത്. മലയാള സിനിമയിൽ സ്ത്രീകളുടെ അന്തസ്സിനും സുരക്ഷിതത്വത്തിനും ഉറപ്പുണ്ടാകണമെന്ന് ഇടതുപക്ഷ രാഷ്‌ട്രീയത്തിന് നിർബന്ധമുണ്ട്. സിനിമയിലെ സ്ത്രീ കൂട്ടായ്മയായ WCCയുടെ നിലപാടുകളെ കമ്മ്യൂണിസ്റ്റ് പാർട്ടി സമീപിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. ഇന്ത്യൻ സിനിമയിലാദ്യമായി സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഉന്നതാധികാരസമിതിയെ നിയോഗിച്ചത് കേരളസർക്കാരാണ്. അതിന്റെ ശുപാർശകൾ കാലവിളംബം കൂടാതെ നടപ്പിലാക്കാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ആ ദിശയിലുള്ള സർക്കാർ നടപടികളെ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്താങ്ങുമെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി.















