ഏറ്റവും ലളിതമായ വ്യായാമ മുറകളിലൊന്നാണ് നടത്തം. അതിനായി പ്രത്യേകം സമയം ചെവഴിക്കേണ്ട എന്നതാണ് വലിയ പ്രത്യേകത. എന്നാൽ തിരക്ക് പിടിച്ച ജീവിതത്തിലും വാഹനങ്ങളും മടിയും നടക്കാൻ വിലങ്ങുതടിയാവുകയാണ്. എന്നാൽ 11 മിനിറ്റ് നിർത്താതെ നടന്നാൽ 11 ഗുണങ്ങൾ ലഭിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ.
ദിവസവും 11 മിനിറ്റെങ്കിലും നടക്കുന്നത് അകാല മരണ സാധ്യത 25 ശതമാനം കുറയ്‌ക്കും. 30 ദശലക്ഷത്തിലധികം ആളുകളുടെ ആരോഗ്യ ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകർ പഠനം നടത്തിയത്.
11 മിനിറ്റ് നടത്തത്തിന്റെ 11 ഗുണങ്ങൾ ഇതാ..
1. സർഗാത്മകതയെ പരിപോഷിപ്പിക്കാൻ നടത്തം സഹായിക്കും. ശരീരം ചലിക്കുന്ന അവസ്ഥയിലാണ് സർഗാത്മകത ഉണരുന്നത്. നടത്തത്തിന് പുറമേ സൈക്ലിംഗ്, ഡാൻസ് എന്നിവയും സഹായിക്കുന്നു.
2. കലോറി കുറയ്‌ക്കാനും അതുവഴി ശരീരഭാരം കുറയ്‌ക്കാനും നടത്തം സഹായിക്കുന്നു. കുറച്ച് നേരമാണെങ്കിലും വേഗത്തിൽ നടക്കാൻ ശ്രദ്ധിക്കണം. നടത്തത്തിന്റെ തീവ്രത ക്രമേണ കൂട്ടുന്നതും കലോറി എരിച്ച് കളയാൻ സഹായിക്കും.
3. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നടത്തം സഹായിക്കുന്നു. രക്തചംക്രമണം വർദ്ധിപ്പിക്കാനും ഹൃദയത്തിന് കൂടുതൽ ഓക്സിജനും പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.
4. സമ്മർദ്ദം നിയന്ത്രിക്കുന്നു. നാഡീവ്യവസ്ഥയെ ശാന്തമാക്കാനും മാനാസികാവസ്ഥ മെച്ചപ്പെടുത്തുന്ന എൻഡോർഫിനുകളുടെ ഉത്പാദനം ത്വരിതപ്പെടുത്താനും നടക്കുന്നത് സഹായിക്കും.
5. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. നടത്തം ശ്വാസോച്ഛ്വാസം നിയന്ത്രിക്കുന്നതിനാൽ മാനസികാവസ്ഥ വർദ്ധിപ്പിക്കും. സമ്മർദ്ദകരമായ സാഹചര്യത്തിൽ നിന്ന് ശ്രദ്ധ അകറ്റാനും പ്രകൃതിയുമായി ഇണങ്ങാനും സഹായിക്കുന്നു.
6. പേശികളെ ശക്തിപ്പെടുത്തി സന്ധി വേദന അകറ്റുന്നു. കാൽമുട്ടിലെ തരുണാസ്ഥിക്ക് ആവശ്യമായ സിനോവിയൽ ദ്രാവകം പുറപ്പെടുവിക്കാന നടത്തത്തിന് കഴിയും.
7. കൊഴുപ്പ് കത്തിക്കാൻ നടത്തം സഹായിക്കുന്നു. വേഗത്തിലുള്ള നടത്തം ഹൃദയമിടിപ്പ് വർദ്ധിപ്പിക്കും. ഇതുവഴി ശരീരം കൂടുതൽ കലോറി പുറത്തുവിടുന്നു. ഒരു മണിക്കൂറിൽ നടക്കുമ്പോൾ ഒരാൾ ശരാശരി 300 കലോറി കത്തിക്കുന്നു.
8.ടൈപ്പ് -2 പ്രമേഹ സാധ്യത കുറയ്‌ക്കുന്നു. മണിക്കൂറിൽ നാലോ അതിലധികമോ കിലോമീറ്റർ വേഗതയിൽ നടക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ അപകടസാധ്യത ഗണ്യമായി കുറയ്‌ക്കുന്നു.
9. മെച്ചപ്പെട്ട ഉറക്കം ആഗ്രഹിക്കുന്നവർക്കും നടത്തം അനുയോജ്യമാണ്. വിഷാദരോഗ ലക്ഷണങ്ങൾ, ഉറക്കത്തിന്റെ കാര്യക്ഷമത, ഉറക്കത്തിനിടയിൽ എഴുന്നേൽക്കുക, അടുത്ത ദിവസത്തെ ക്ഷീണം എന്നിവ കുറയ്‌ക്കും.
10. തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. ബ്രെയിൻ ഡിറൈവ്ഡ് ന്യൂറോട്രോഫിക് എന്ന പ്രോട്ടീന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് മസ്തിഷക കോശങ്ങൾക്ക് ഗുണം ചെയ്യുന്നു.
11. ഭക്ഷണത്തിന് ശേഷം 11 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി, വയറിളക്കം എന്നിവ പരിഹരിക്കുകയും ചെയ്യുന്നു.















