പാലക്കാട്: വിദ്യാർത്ഥിയെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എഎസ്ഐ ജോയ് തോമസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇത് സംബന്ധിച്ച് തൃശൂർ റേഞ്ച് ഡിഐജി ഉത്തരവ് പുറത്തിറക്കി. എഎസ്ഐയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
രണ്ട് ദിവസം മുമ്പാണ് 16-കാരനെ പൊലീസ് വീട്ടിൽ കയറി മർദ്ദിച്ചത്. അച്ഛനമ്മമാരുടെ മുമ്പിൽ വച്ച് പൊലീസ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഷൊർണൂർ ഡിവൈഎസ്പി ആർ മനോജ് കുമാറാണ് എഎസ്ഐക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നടപടിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മർദ്ദനമേറ്റ കുട്ടിയുടെയും കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ട്രാഫിക് പൊലീസ് കൈകാണിച്ചിട്ട് നിർത്താതെ പോയ യുവാവ് എന്ന് വിചാരിച്ചാണ് പൊലീസ് സംഘം 16-കാരനെ ക്രൂരമായി മർദ്ദിച്ചത്.
സംഭവത്തിൽ വിദ്യാർത്ഥിയുടെ ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് എഎസ്ഐയെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെയാണ് ഇയാളെ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറങ്ങിയത്.