ഭോപ്പാൽ: അമിതമായി പണം ചിലവാക്കുന്ന സ്വഭാവത്തിൽ അരിശം പൂണ്ട് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. മധ്യപ്രദേശിലെ ഗ്വാളിയാർ ജില്ലയിലായിരുന്നു സംഭവം. മുസ്‌കാൻ എന്ന 25 കാരിയാണ് കൊല്ലപ്പെട്ടത്. ആദ്യം അപകടമരണമാണെന്ന് കരുതിയ സംഭവം പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ ചുരുളഴിയുകയായിരുന്നു.
സംഭവത്തിൽ മുസ്‌കാന്റെ ഭർത്താവ് അജയിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ തെളിയുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ
ഓഗസ്റ്റ് 13 നാണ് മുസ്‌കാനും സഹോദരൻ സഞ്ചേഷും സഞ്ചരിച്ചിരുന്ന ആക്ടിവ സ്‌കൂട്ടർ അപകടത്തിൽപെടുന്നത്. സഞ്ചേഷ് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മുസ്‌കാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലോഡുമായി വന്ന ഒരു വാഹനം മുസ്‌കാൻ സഞ്ചരിച്ച ആക്ടിവ സ്‌കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നായിരുന്നു അജയ് യുടെ മൊഴി. ആ സമയം താൻ ഹനുമാൻ ക്ഷേത്രത്തിൽ പോയി തിരിച്ചു വരികയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അപകടമരണമാണെന്ന് സ്ഥിരീകരിക്കുന്നതായിരുന്നു.
എന്നാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിയതോടെയാണ് അപകടത്തിൽ പൊലീസിന് അസ്വാഭാവികത തോന്നിയത്. ഇടിച്ചത് ഒരു ഇക്കോ സ്‌പോർട്ട് കാറാണെന്ന് കണ്ടെത്തുകയായിരുന്നു. അജയ് യുടെ മൊഴിയിൽ വൈരുദ്ധ്യം തോന്നിയ പൊലീസ് കൂടുതൽ ചോദ്യം ചെയ്തതോടെ ഇയാൾ കുടുങ്ങി. ഒടുവിൽ കുറ്റസമ്മതവും നടത്തി. ഭാര്യയുടെ ധൂർത്താണ് തന്നെ ഇത്തരമൊരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് അജയ് പൊലീസിനോട് സമ്മതിച്ചു.
സുഹൃത്തിന് 2.5 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ നൽകിയാണ് കൃത്യം നിർവ്വഹിച്ചതെന്നും ഇയാൾ വെളിപ്പെടുത്തി. കഴിഞ്ഞ വർഷമാണ് ലാണ് ഇവർ വിവാഹിതരാകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്.















