കൊച്ചി: അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നടൻ സിദ്ധിഖിന്റെ രാജി കാവ്യനീതിയായി തോന്നുന്നില്ലെന്ന് ഷമ്മി തിലകൻ. ഒരു പക്ഷെ തന്റെ അച്ഛന് അങ്ങനെ തോന്നിയേക്കാമെന്നും ഷമ്മി തിലകൻ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷമ്മി തിലകൻ.
പവർഗ്രൂപ്പ് എന്ന വാക്ക് ഉപയോഗിച്ചത് ഹേമ കമ്മിറ്റിയാണ്. അതിന് ഉപോൽബലകമായ പല തെളിവുകളും ഉണ്ട്. നിയമവിധേയമല്ലാത്തത് എവിടെയും നിലനിൽക്കില്ല. സത്യമേവ ജയതേ എന്നാണ് കോടതികൡ എഴുതി വച്ചിരിക്കുന്നത്. സത്യമേ ജയിക്കൂ. ഉപ്പു തിന്നവർ വെളളം കുടിക്കണം. അത് ആരാണ്, എന്താണ് എന്നതല്ല രഞ്ജിത്തിന്റെ രാജിയും സ്വാഗതം ചെയ്യപ്പെടേണ്ടതാണെന്ന് ഷമ്മി തിലകൻ പറഞ്ഞു.
വിഗ്രഹങ്ങൾ ഉടയണമെന്ന് ഞാൻ പറയില്ല. പക്ഷെ ഉടയേണ്ട വിഗ്രഹങ്ങൾ ഉടയണം. വിഗ്രഹങ്ങൾ എന്ന് പറയുന്നത് നമ്മുടെ വിശ്വാസമാണ്. ആ വിഗ്രഹങ്ങളെ ആരാധിക്കുന്നവരുടെ വിശ്വാസമാണ്. ആ വിശ്വാസം ഇല്ലാതായാൽ, വിശ്വാസ വഞ്ചന നടത്തിയാൽ, അത് ഉടച്ചുകളയണം. അത്തരം വിഗ്രഹങ്ങൾ ഇനിയും അമ്മയിൽ ഉണ്ടോ എന്ന ചോദ്യത്തിന് താൻ ഇപ്പോൾ അവിടെയില്ലല്ലോ ഇല്ലാത്ത ഒരിടത്തെ കാര്യങ്ങൾ എങ്ങനെയാണ് പറയുക എന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളും തുടർന്നുണ്ടായ വിവാദങ്ങളും വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുമ്പോൾ നടൻ തിലകൻ അമ്മയ്‌ക്കെതിരെ നേരത്തെ നടത്തിയ തുറന്നുപറച്ചിലുകളുടെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും സജീവമായി.