അഷ്ടമി രോഹിണിക്കൊരുങ്ങി ഗുരുവായൂർ. വരിനിന്ന് ദർശനം നടത്തുന്നവർക്കാകും മുൻഗണന. വരി നിൽക്കുന്നവരെ കൊടിമരത്തിന് സമീപത്ത് കൂടി നേരിട്ട് അകത്ത് പ്രവേശിപ്പിക്കും. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ചോറൂണ് കഴിഞ്ഞ കുട്ടികൾക്കുള്ള ദർശന സൗകര്യമുണ്ടാകും. തിരക്ക് കണക്കിലെടുത്ത് 28 വരെ രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെ സ്പെഷ്യൽ, വിഐപി ദർശനം ഇല്ല. വരി നിൽക്കാൻ പുറത്ത് പ്രത്യേക പന്തലുകൾ നിർമിച്ചിട്ടുണ്ട്. പ്രസാദ ഊട്ട് രാവിലെ ഒൻപതിന് ആരംഭിക്കും. ഉച്ചയ്‌ക്ക് രണ്ടിന് ക്യൂ അവസാനിപ്പിക്കും.
രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ചശീവേലിയും വിളക്ക് എഴുന്നള്ളിപ്പ് രാത്രിയിലും നടക്കും. രാവിലെ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളം, ഉച്ചകഴിഞ്ഞ് വൈക്കം ചന്ദ്രന്റെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയാകും. സന്ധ്യയ്‌ക്ക് ഗുരുവായൂർ ശശി മാരാരുടെ തായമ്പക, രാത്രി പഞ്ചവാദ്യം, ശശി മാരാരും ഗുരുവായൂർ മുരളിയും നയിക്കുന്ന ഇടയ്‌ക്ക നാഗസ്വര മേളത്തോടെ വിളക്ക് എഴുന്നള്ളിപ്പ്, വിളക്കെഴുന്നള്ളിപ്പ് കഴിഞ്ഞ് രാത്രി 12.30-യോടെ നട അടയ്‌ക്കും.
വഴിപാടിനായി 8.08 ലക്ഷം രൂപയുടെ പാൽപായസവും 7.25 ലക്ഷം രൂപയുടെ 42,000-ത്തോളം അപ്പവും തയാറാക്കിയിട്ടുണ്ട്. പാൽപായസം ഉച്ചപ്പൂജയ്‌ക്കും അപ്പം അത്താഴപ്പൂജയ്‌ക്കും നിവേദിക്കും. കാൽലക്ഷം പേർക്ക് പ്രസാദ ഊട്ട് നൽകും. രാവിലെ ഒൻപതിന് തെക്കേനട ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും അന്നലക്ഷ്മി ഹാളിലും സമീപത്തും പ്രസാദ ഊട്ട് നൽകും. രസകാളൻ, ഓലൻ, അവിയൽ, എരിശേരി, പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായവറവ്, ഉപ്പിലിട്ടത്. പുളിയിഞ്ചി, പപ്പടം, മോര്, പാൽപായസം എന്നിവയാണ് വിഭവങ്ങൾ.















