കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ റെയ്‌ഡ് നടത്തി സിബിഐ. 13 മണിക്കൂർ നീണ്ട പരിശോധനയിൽ സുപ്രധാന രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. ഈ മാസം ഒൻപതിന് പിജി ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന് പുറമെ, സന്ദീപ് ഘോഷിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിലും സിബിഐ അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് റെയ്‌ഡ്.
സന്ദീപ് ഘോഷ് ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന സമയത്ത് നടത്തിയ സാമ്പത്തിക ക്രമക്കേടുകളിലാണ് സിബിഐ അന്വേഷണം നടക്കുന്നത്. മെഡിക്കൽ സൂപ്രണ്ട് സഞ്ജയ് വസിഷ്ഠിന്റേയും മറ്റ് 13 പേരുടെയും വീടുകളിലും സിബിഐ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. സിബിഐയുടെ അഴിമതി വിരുദ്ധ വിഭാഗമാണ് റെയ്‌ഡുകൾ നടത്തിയത്. ആർ ജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ സംശയനിഴലിൽ നിൽക്കുന്ന സന്ദീപ് ഘോഷിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
അഴിമതി ആരോപണങ്ങളിൽ സംസ്ഥാന സർക്കാർ അന്വേഷണം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ കൊൽക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറി. നേരത്തെ സിബിഐ ഇയാളെ നുണ പരിശോധനയ്‌ക്ക് വിധേയനാക്കിയിരുന്നു. അതേസമയം, സന്ദീപ് ഘോഷിനെ കഴിഞ്ഞ ദിവസം സിബിഐ വീണ്ടും ചോദ്യം ചെയ്തു. ഏഴ് സിബിഐ ഉദ്യോഗസ്ഥരാണ് ബെലിയാഘട്ടയിലെ വീട്ടിൽ നടന്ന ചോദ്യം ചെയ്യലിൽ പങ്കെടുത്തത്.















