മുംബൈ: ഏകീകൃത പെൻഷൻ പദ്ധതി (എൻപിഎസ്) നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി മഹാരാഷ്‌ട്ര. ഇന്നലെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ വർഷം മാർച്ച് മുതൽ മുൻകാല പ്രാബല്യമുണ്ടാകും.
കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് പ്രയോജനപ്പെടുന്ന പദ്ധതി നടപ്പാക്കുന്നത്. സർക്കാർ ജീവനക്കാർക്ക് ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ ഉറപ്പാക്കുന്നതാണ് ഏകീകൃത പെൻഷൻ പദ്ധതി. കേന്ദ്രസർക്കാർ ജീവനക്കാർക്ക് നാഷനൽ പെൻഷൻ പദ്ധതിയും (എൻപിഎസ്) യുപിഎസും തെരഞ്ഞെടുക്കാൻ അവസരമുണ്ടാകും. നിലവിലുള്ള ജീവനക്കാർക്ക് എൻപിഎസിൽ നിന്ന് യുപിഎസിലേക്ക് മാറാനും സാധിക്കും. പെൻഷൻ പദ്ധതിയെ അഷ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ് വേർതിരിച്ചിരിക്കുന്നത്.
ചുരുങ്ങിയത് 10 വർഷത്തെ സർവീസ് ഉള്ളവർക്ക് പ്രതിമാസം 10,000 രൂപ ഉറപ്പുനൽകുന്ന പെൻഷൻ നൽകുന്നതാണ് മിനിമം പെൻഷൻ. വിരമിച്ചയാളുടെ മരണ ശേഷം കുടുംബത്തിന് അവസാനം വാങ്ങിയ പെൻഷന്റെ 60 ശതമാനം നൽകുന്നതാണ് കുടുംബ പെൻഷൻ. കുറഞ്ഞത് 25 വർഷം സർവീസ് പൂർത്തിയാക്കിയ സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുൻപുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷനായി നൽകുന്നതാണ് അഷ്വേർഡ് പെൻഷൻ.
പഠിച്ച ശേഷമാകും യുപിഎസിൽ തീരുമാനമെന്നാണ് കേരള സർക്കാരിന്റെ വിശദീകരണം. യുപിഎസ് സ്വീകരിച്ചാൽ കേരളത്തിന് ബാധ്യത കൂടുമെന്നതിനാലാണ് പഠിക്കാനൊരുങ്ങുന്നത്. കേന്ദ്രം യുപിഎസിൽ അടയ്‌ക്കുന്നത് 18.5 ശതമാനമാണ്. എന്നാൽ എൻപിഎസിൽ കേരളം അടയ്‌ക്കുന്നത് 10 ശതമാനമാണ്. കേന്ദ്രം അടയ്‌ക്കുന്ന രീതിയിൽ കേരളം വിഹിതം നൽകിയില്ലെങ്കിൽ പദ്ധതി പ്രകാരമുള്ള പെൻഷൻ ഉറപ്പാക്കാനാവില്ല. സർക്കാരിന്റെ തീരുമാനം ഉറ്റുനോക്കുകയാണ് സർക്കാർ ജീവനക്കാർ.















