ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഭൂഗർഭ എസി മാർക്കറ്റ് ബെംഗളൂരുവിൽ തുറന്നു. ശ്രീകൃഷ്ണദേവരായ പാലികെ ബസാർ എന്ന് പേരിട്ടിരിക്കുന്ന മാർക്കറ്റ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയും വിജയനഗർ എം.എൽ.എ എം.കൃഷ്ണപ്പയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഡൽഹിയിലെ പ്രശസ്തമായ പാലിക ബസാർ മാതൃകയിലാണ് മാർക്കറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. വിജയനഗർ മെട്രോ സ്റ്റേഷന് സമീപമാണ് പുതിയ ബസാർ
പതിനാറാം നൂറ്റാണ്ടിലെ വിജയനഗര ചക്രവർത്തിയായ കൃഷ്ണദേവരായരുടെ പേരിലുള്ള ബെംഗളൂരു മാർക്കറ്റ് 1,365 ചതുരശ്ര മീറ്റർ വിസ്‌തൃതിയിൽ (136 മീറ്റർ നീളവും 11 മീറ്റർ വീതിയും) വ്യാപിച്ചുകിടക്കുന്നു. ഇവിടെ ആകെ 79 കടകളാണുള്ളത്. നീണ്ട ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മാർക്കറ്റ് നിർമ്മാണം പൂർത്തിയാക്കി പൊതു ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ഗ്രാനൈറ്റ് ഫ്ലോറിംഗ്, മൂന്ന് സെൻസറുകൾ ഘടിപ്പിച്ച ഗ്ലാസ് സ്ലൈഡിങ് വാതിലുകൾ, രണ്ട് എസ്കലേറ്ററുകൾ, ഗുഡ്‌സ് ലിഫ്റ്റ് സൗകര്യങ്ങൾ എന്നിവ മാർക്കറ്റിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. അഗ്നിശമന ഉപകരണങ്ങളും വൈദ്യുതി ട്രാൻസ്‌ഫോർമറും സ്ഥാപിച്ചിട്ടുണ്ട്. 2018 ൽ ആരംഭിച്ച 40 കടകൾ അടങ്ങുന്ന പദ്ധതിയുടെ ആദ്യഘട്ടം 2022 ൽ പൂർത്തിയായിരുന്നു. ആകെ 13 കോടി ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്.