കൊച്ചി: ലൈംഗികാരോപണം ഉന്നയിച്ച യുവനടി രേവതി സമ്പത്തിനെതിരെ പരാതി നൽകി നടൻ സിദ്ദിഖ്. ആരോപണത്തിന് പിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്ന് സിദ്ദിഖ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രേവതി സമ്പത്തിന്റെ ആരോപണങ്ങളുടെ പിന്നിലുള്ള അജണ്ട അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്കാണ് പരാതി നൽകിയിരിക്കുന്നത്.
രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത് വ്യത്യസ്ത സമയങ്ങളിലായിട്ടാണ്. നേരത്തെ ഉന്നയിച്ചപ്പോൾ ഇല്ലാതിരുന്ന ബലാത്സംഗ ആരോപണം ഇപ്പോഴുണ്ടായി. രേവതി സമ്പത്തിന്റെ ആരോപണങ്ങൾക്ക് പിന്നിൽ നിക്ഷിപ്‌ത താത്പര്യങ്ങളുണ്ടെന്നും ഡിജിപിക്ക് നൽകിയ പരാതിയിൽ സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു.
നടൻ സിദ്ദിഖ് മോശമായി പെരുമാറിയെന്നും ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് നടി രേവതി സമ്പത്ത് ഉന്നയിച്ചത്. ഇതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചിരുന്നു. ആരോപണങ്ങൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ചുമതലയിൽ നിന്ന് മാറിനിൽക്കുന്നതാണ് ഉചിതമെന്നും സിദ്ദിഖ് പ്രതികരിച്ചു. ഇതേസമയം രേവതി സമ്പത്ത് ഇതുവരെയും നിയമപരമായി വിഷയത്തെ സമീപിച്ചിട്ടില്ല. സർക്കാരിന്റെ പിന്തുണയുണ്ടെങ്കിൽ മാത്രമേ പൊലീസിൽ പരാതി നൽകൂവെന്നായിരുന്നു നടിയുടെ നിലപാട്.
സിദ്ദിഖിനെതിരെ ആരോപണം ഉന്നയിച്ച നടി രേവതി സമ്പത്ത് നടൻ റിയാസ് ഖാനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. റിയാസ് ഖാൻ ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചുവെന്നായിരുന്നു ആരോപണം.