സിനിമാ മേഖലയിലെ ദുരനുഭവങ്ങൾ പങ്കിട്ട് ജൂനിയർ ആർട്ടിസ്റ്റ്. നടൻ ബാബുരാജ്, ഷൈൻ ടോം ചാക്കോ, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവരാണ് പ്രതികൂട്ടിൽ.
നടൻ ഷൈൻ ടോം ചാക്കോയുടെ നിർദ്ദേശ പ്രകാരം പലരും വിളിച്ചെന്ന് ജൂനിയർ ആർട്ടിസ്റ്റ് പറയുന്നു. ചാൻസുണ്ടെന്ന് പറഞ്ഞായിരുന്നു കൊച്ചിയിലുള്ളവർ തന്നെ ഫോണിൽ ബന്ധപ്പെട്ടത്. രണ്ട് ദിവസം ഷൈൻ ടോം ചാക്കോയുടെ ഒപ്പം ചിൽ ചെയ്യാമെന്ന് പറഞ്ഞാണ് വിളിച്ചതെന്നാണ് യുവതിയുടെ ആരോപണം.
ചാൻസ് തരാമെന്ന് പറഞ്ഞ് ആലുവയിലുള്ള വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി ആരോപിക്കുന്നു. മുഴുനീള കഥാപാത്രമാണെന്നും തിരക്കഥാകൃത്തും സംവിധായകനും ആലുവയിലെ വീട്ടിലുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു ബാബുരാജ് വിളിച്ചുവരുത്തിയത്. റെസ്റ്റ് ചെയ്യാനായി മുറിയിൽ അതിക്രമിച്ച് കയറി കതക് അടച്ചെന്നും ബലമായി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. നിരവധി പെൺകുട്ടികൾ ബാബുരാജിന്റെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സംവിധായകൻ വി.എ ശ്രീകുമാർ മേനോനെതിരെയും യുവതി പീഡനപരാതി ഉന്നയിച്ചിട്ടുണ്ട്. പരസ്യചിത്രത്തിൽ അവസരം നൽകാമെന്ന് പറഞ്ഞാണ് ബന്ധപ്പെട്ടതെന്ന് യുവതി പറഞ്ഞു. ഹോട്ടൽ ക്രൗൺ പ്ലാസയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. മോളെ എന്ന് വിളിച്ചാണ് സംസാരിച്ചതെന്നും അതിനാൽ തന്നെ സംശയമൊന്നും തോന്നിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.