ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ 7 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കന്നഡ നടൻ ദർശൻ തൂഗുദീപയ്‌ക്ക് കസ്റ്റഡിയിൽ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നതിനു പിന്നാലെയാണ് നടപടി.
സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്‌ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഏഴ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവരെ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ജി പരമേശ്വർ വ്യക്തമാക്കി.
രേണുകാസ്വാമി വധക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദർശന്റെ ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ജയിലിനുള്ളിൽ തുറസ്സായ സ്ഥലത്ത് ഒരു കയ്യിൽ കോഫിയും മറ്റൊന്നിൽ സിഗരറ്റും പിടിച്ചിരിക്കുന്ന ദർശന്റെ ചിത്രമാണ് ആദ്യം പുറത്തുവന്നത്. പിന്നാലെ ജയിലിൽ നിന്നും വീഡിയോ കോളിലൂടെ മറ്റൊരാളോട് സംസാരിക്കുന്ന ദർശന്റെ വീഡിയോ ക്ലിപ്പും പ്രചരിച്ചിരുന്നു.
കൊലക്കേസ് പ്രതിയായിരുന്നിട്ടും സെലിബ്രിറ്റി സ്റ്റാറ്റസിന്റെ പേരിൽ ദർശന് പ്രത്യേക പരിഗണന ലഭിക്കുന്നതായി ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇതോടെ സർക്കാരിനെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് സംഭവത്തിൽ നടപടി സ്വീകരിച്ചിരിക്കുന്നത്.















