ശ്രീനഗർ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ (Ladakh) പുതിയ അഞ്ച് ജില്ലകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പുതിയ ജില്ലകളുടെ പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് (Amit Shah) നടത്തിയത്. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി.
സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചംഗ്താംഗ് എന്നിവയാണ് പുതിയ അഞ്ച് ജില്ലകൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമാണ് വികസിത ലഡാക്ക് എന്നും ഇതിന്റെ ഭാഗമായാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. പുതിയ ജില്ലകൾ യാഥാർത്ഥ്യമാകുന്നതോടെ ലഡാക്കിലെ ജനങ്ങളുടെ വീട്ടുവാതിൽക്കൽ ആനുകൂല്യങ്ങൾ എത്തുമെന്നും ലഡാക്കിന്റെ ഓരോ കോണിലും ഭരണം ശക്തിപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ലഡാക്കിലെ ജനങ്ങൾക്ക് അവസരങ്ങളുടെയും സാധ്യതകളുടെയും അനവധി സാഹചര്യങ്ങൾ ഒരുക്കിനൽകാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ലഡാക്കിൽ രണ്ട് ജില്ലകൾ മാത്രമാണുണ്ടായിരുന്നത്. ലേ, കാർഗിൽ എന്നിവയായിരുന്നു രണ്ട് ജില്ലകൾ. ഇരുജില്ലകൾക്കും സ്വയംഭരണാധികാരമുള്ള കൗൺസിലുകളുണ്ട്. ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്രസർക്കാരിന്റെ സുപ്രധാന നീക്കമുണ്ടാകുന്നത്. സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ബിജെപി നേരത്തെ പുറത്തുവിട്ടിരുന്നു. 44 പേരുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.















