ഇന്ന് ശോഭയാത്രയിൽ ഗോപികമാർ ചുവടുവയ്‌ക്കുന്നതോടെ വർഷങ്ങളായുള്ള ശിഹാബ് മാഷിന്റെ സ്വപ്നം പൂവണിയും. മലപ്പുറം ഇന്ത്യനൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്നുള്ള ശോഭായാത്രയിൽ ഇത്തവണ കണ്ണഞ്ചിപ്പിക്കുക ഗോപികാനൃത്തമായിരിക്കും. കോട്ടയ്‌ക്കൽ വില്ലൂരിലെ ചെറുശ്ശോല വീട്ടിൽ ശിഹാബാണ് കണ്ണന് മുന്നിൽ നൃത്തമാടാൻ ഗോപികമാർക്ക് ശിക്ഷണം നൽകിയത്.
17 വർഷമായ നൃത്താദ്ധ്യാപനത്തിൽ ആദ്യമായാണ് ശോഭായാത്രയിലെ ഗോപികാനൃത്തത്തിന് ചുവടൊരുക്കുന്നത്. അതുകൊണ്ട് തന്നെ ഈ ജന്മാഷ്ടമി ശിഹാബിനേറെ പ്രിയപ്പെട്ടതാണ്. 17 പെൺകുട്ടികളാണ് ശിഹാബിന് കീഴിൽ നൃത്തം പരിശീലിച്ചത്. ശിഹാബ് തന്നെയാണ് ക്ഷേത്രഭാരവാഹികളോട് ശോഭായാത്രയ്‌ക്ക് താൻ ഗോപികാനൃത്തം പഠിപ്പിക്കാമെന്നറിയിച്ചത്.
നാട്ടുകാരനായ കലാകാരന്റെ ആഗ്രഹത്തിന് ഭാരവാഹികൾ തടസം നിന്നില്ല. കോലാട്ടം എന്ന നൃത്തരൂപത്തിലെ ചില ഭാഗങ്ങളെടുത്ത് കൃഷ്ണഭക്തിഗാനവും ചേർത്താണ് നൃത്തം ചിട്ടപ്പെടുത്തിയത്. 20 ദിവസം നീണ്ട പരിശീലനത്തിനൊടുവിലാണ് വീഥികൾ കീഴടക്കാൻ അവരിന്ന് ഇറങ്ങുന്നത്. പ്രധാനമായും ഒപ്പന പരിശീലകനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.















