ധാരാളം വെള്ളം ടങ്ങിയിരിക്കുന്നതിനാൽ തണ്ണിമത്തൻ ശരീരത്തിന് ഏറെ ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വിറ്റാമിൻ സി, വിറ്റാമിൻ എ, പാന്തോതെനിക് ആസിഡ്, പൊട്ടാസ്യം, കോപ്പർ, കാൽസ്യം തുടങ്ങിയ നിരവധി പോഷകങ്ങളാണ് ഇതിലടങ്ങിയിട്ടുള്ളത്. ആരോഗ്യകരമായ ഭാരം നിലനിർത്താൻ തണ്ണിമത്തൻ ഓപ്ഷനാണ്. സമ്മർദ്ദമകറ്റാനും പ്രമേഹം, പൊണ്ണത്തടി, ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്‌ക്കാനും ഇതിന് കഴിവുണ്ടെന്നാണ് പറയുന്നത്.
ഈ ഗുണങ്ങളൊക്കെ ലഭിക്കണമെങ്കിൽ നല്ല തണ്ണിമത്തൻ ആയിരിക്കണം. എന്നാൽ കടയിൽ ചെന്നാൽ മുറിച്ച് നോക്കാൻ കഴിയില്ലെന്നതാണ് സത്യം. എന്നാൽ തണ്ണിമത്തൻ നല്ലതാണോയെന്നറിയാൻ ചില സൂത്രവിദ്യകളുണ്ട്. അവയിതാ..
1.
തണ്ണിമത്തന്റെ ഞെട്ടിനോട് ചേർന്ന ഭാഗം ശ്രദ്ധിക്കുകയാണ് ആദ്യത്തെ ടിപ്പ്. ക്രീം നിറത്തോടുകൂടിയ മഞ്ഞയോ അല്ലെങ്കിൽ ഓറഞ്ച് പോലുള്ള നിറമോ ആണെങ്കിൽ സ്വാദുള്ള തണ്ണിമത്തനെന്ന് ഉറപ്പിക്കാം. വെള്ളയോ ഇളം മഞ്ഞയോ ആണെങ്കിൽ സ്വാദില്ലെന്നാണ് നൽകുന്ന സൂചന.
വരണ്ട മഞ്ഞ-തവിട്ടുനിറത്തിലുള്ള തണ്ട് അത് പൂർണ വളർച്ചത്തിയ തണ്ണിമത്തനെ സൂചിപ്പിക്കുന്നു. പച്ച നിറമാണെങ്കിൽ പാകമാകാതെ പറിച്ചാതാണ്. അതുകൊണ്ട് തന്നെ സ്വാദും മധുരവും കുറവായിരിക്കും.
2.
തണ്ണിമത്തന്റെ വരകൾ നിരീക്ഷിച്ചും ഗുണമേന്മ തിരിച്ചറിയാം. സ്ഥിരതയുള്ള വരകളാണെങ്കിൽ നല്ലതാണെന്ന് പറയാം. കടും പച്ച, ലൈറ്റ് ക്രീം കളറിലുള്ള തണ്ണിമത്തൻ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.
3.
തണ്ണിമത്തനിൽ മുട്ടി നോക്കുകയാണ് മറ്റൊരു വഴി. ശക്തിയായി മുട്ടുന്നത് പോലെ തോന്നിയാൽ പുറംതൊലിക്ക് കട്ടി കൂടുതലാണെന്ന് സാരം. പൊള്ളയായത് പോലെ തോന്നിയാൽ വെള്ളത്തിന്റെ അംശം കൂടുതലാണ്.
4.
പുറമേയുള്ള പാടുകൾ ശ്രദ്ധിക്കുക. ചാരനിറത്തിലോ തവിട്ടുനിറത്തിലോ സിരയ്‌ക്ക് സമാനമായ വരകളാണെങ്കിൽ മധുരമുള്ള തണ്ണിമത്തന്റെ സൂചനയാണ്. പഴങ്ങളിൽ നിന്ന് പഞ്ചസാര പുറത്തേക്ക് ഒഴുകുന്നത് എവിടെയാണെന്ന് ഈ പാടുകൾ കാണിക്കുന്നു.
5.
ഭാരമേറുന്തോറും രുചിയുമേറും എന്നതാണ് മറ്റൊരു വസ്തുത. വലുപ്പമുള്ളതിൽ സാന്ദ്രതയും ജലാംശവും മധുരവും കൂടുതലായിരിക്കും.
6.
വൃത്താകൃതിയിലുള്ളത് തെരഞ്ഞെടുക്കുക. കാരണം മധുരം കൂടുതലായിരിക്കും. ഓവൽ ആകൃതിയാണെങ്കിൽ തണ്ണിമത്തൻ വെള്ളവും കുറഞ്ഞ രുചിയും ഉള്ളവയായിരിക്കും.















