ന്യൂഡൽഹി: ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിക്കുന്നത് മികച്ച ഭരണത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ചുവടുവയ്‌പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലഡാക്കിലെ പുതിയ ജില്ലകളുടെ രൂപീകരണം പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എക്‌സിൽ പങ്കുവച്ച പോസ്റ്റിന് മറുപടിയായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ലഡാക്കിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
“ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ സൃഷ്ടിക്കുന്നത് മികച്ച ഭരണത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള ചുവടുവയ്പ്പാണ്. സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചംഗ്താംഗ് എന്നീ പുതിയ ജില്ലകൾക്ക് ഇനി കൂടുതൽ കേന്ദ്രീകൃതമായ ശ്രദ്ധ ലഭിക്കും. ഇത് ജനങ്ങളിലേക്ക് സേവനങ്ങളും അവസരങ്ങളും എത്തിക്കാൻ സഹായകമാകും,” പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്നമാണ് വികസിത ലഡാക്ക് എന്നും ഇതിന്റെ ഭാഗമായാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. പുതിയ ജില്ലകൾ യാഥാർത്ഥ്യമാകുന്നതോടെ ലഡാക്കിലെ ജനങ്ങളുടെ വീട്ടുവാതിൽക്കൽ ആനുകൂല്യങ്ങൾ എത്തുമെന്നും ലഡാക്കിന്റെ ഓരോ കോണിലും ഭരണം ശക്തിപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ജില്ലകൾ രൂപീകരിക്കാനുള്ള നടപടിയിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നുവെന്നും തീരുമാനം സ്വാഗതം ചെയ്യുന്നതായും മുൻ ലഡാക്ക് എംപി ജാംയാങ് സെറിങ് നംഗ്യാലും അറിയിച്ചു.