ഇസ്ലാമാബാദ് : കഴിഞ്ഞ 17 വര്‍ഷങ്ങള്‍ക്കിടയില്‍ 95,56,507 പേരാണ് പാക്കിസ്താനില്‍ നിന്ന് പുറം ലോകത്തേക്ക് കുടിയേറിയത്. മികച്ച അവസരങ്ങൾ തേടിയാണ് ഒരു കോടിയോളം പാക്കിസ്താനികൾ സ്വന്തം രാജ്യം വിട്ടത്. 2013 മുതൽ 2018 വരെ പാകിസ്താൻ മുസ്ലീം ലീഗ്-നവാസ് ഷെരീഫ് (പിഎംഎൽ-എൻ) ഭരണത്തിലാണ് ഏറ്റവും കൂടുതൽ ആളുകൾ പാകിസ്താൻ വിട്ടത്. 2015ൽ പാക്കിസ്താനിൽ നിന്ന് കുടിയേറിയത് ഒമ്പത് ലക്ഷം പേരാണ്. 2022ലും 2023ലും കൊവിഡ്-19 പകർച്ചവ്യാധിയുടെ കാലത്ത് എട്ട് ലക്ഷത്തോളം പേരാണ് രാജ്യം വിട്ടത്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആളുകള്‍ രാജ്യം വിട്ടുപോകുന്നതിന്റെ നിരക്ക് 2022ല്‍ അഞ്ച് ശതമാനത്തിലേക്ക് ഉയര്‍ന്നു. നേരത്തെ ഇത് രണ്ട് ശതമാനമായിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യം വിട്ടവരിൽ ഭൂരിഭാഗവും തൊഴിലാളിവർഗത്തിൽ നിന്നുള്ളവരാണ്. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലേക്കാണ് മിക്ക പാക് പൗരന്മാരും പോകുന്നത്. എന്നാൽ കോവിഡിന് ശേഷമുള്ള സാഹചര്യത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ പാകിസ്താൻ തൊഴിലാളികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായപ്പോൾ സൗദി അറേബ്യയിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി. കൊവിഡ് പകർച്ചവ്യാധിയെ തുടർന്ന് പാകിസ്താൻ പൗരന്മാർ യുകെ, ഇറാഖ്, റൊമാനിയ എന്നിവിടങ്ങളിലേക്കും കുടിയേറുന്നു.
‘പാകിസ്താന്‍ എമിഗ്രേഷന്‍ പാറ്റേണ്‍ ഒരു അവലോകനം’ എന്ന തലക്കെട്ടിൽ പൾസ് കൺസൾട്ടൻ്റ് തയ്യാറാക്കിയ റിപ്പോർട്ട് ഉദ്ധരിച്ച് ARY ന്യൂസ് ആണ് ഈ വിവരം നൽകിയിരിക്കുന്നത്.
തൊഴിലാളികളും കഴിവുള്ള പൗരന്മാരും രാജ്യം വിടുന്നതോടെ പാകിസ്താൻ സർക്കാരിന്റെ ആശങ്ക വർധിച്ചിട്ടുണ്ട്. അതിനാൽ വിമാനത്താവളങ്ങളിൽ കർശന പരിശോധനയാണ് നടത്തുന്നത്.ഷഹബാസ് സർക്കാർ പാക്കിസ്താനിലെ എല്ലാ അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിലും ഇതിനായി പ്രത്യേകം ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. പാക്കിസ്ഥാനിലെ പല പൗരന്മാരും വിനോദസഞ്ചാരികളായി ഗൾഫ് രാജ്യങ്ങളിലേക്ക് പോകുകയും അവിടെ ഭിക്ഷാടനം ആരംഭിക്കുകയും ചെയ്യുന്നു. അതിനിടെ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ പാകിസ്താനി ഭിക്ഷാടകർ വൻതോതിൽ ജയിലിൽ കഴിയുന്നുണ്ടെന്നും ഇതിൽ 90 ശതമാനവും പാക്കിസ്താനിൽ നിന്നുള്ളവരാണെന്നും വെളിപ്പെടുത്തി.
കഴിഞ്ഞ കുറച്ച് മാസങ്ങളായി സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് , മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലെ യാത്രക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കുകയും അവിടെ പോകാൻ ശ്രമിച്ച നിരവധി ഭിക്ഷാടകരെ വിമാനത്തിൽ നിന്ന് ഇറക്കുകയും ചെയ്തതായി പാകിസ്താൻ പത്രമായ ഡോൺ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു .















