ന്യൂഡൽഹി: പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതം എന്ന ചിത്രത്തിൽ അഭിനയിച്ചതിന് ശേഷം നടൻ തലിബ് അൽ ബലൂഷിക്ക് സൗദിയിൽ വിലക്കെന്ന് റിപ്പോർട്ട്. ദുഷ്ടനായ സൗദി സ്പോൺസറിന്റെ വേഷം ചെയ്ത ബലൂഷി സൗദി പൗരൻമാരെ മോശമായി ചിത്രീകരിച്ചുവെന്ന് നേരത്തെ വിമർശനം ഉയർന്നിരുന്നു. ഇതിന്റെ പേരിലാണ് വിലക്ക് ഏർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
ആടുജീവിതത്തിൽ കൊടും ക്രൂരനായ അറബിയായാണ് തലിബ് വേഷമിട്ടത്. ചിത്രം റിലീസ് ചെയ്തതിന് ശേഷം സൗദിയിൽ തലിബിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കേർപ്പെടുത്തിയെന്നുള്ള വാർത്തകൾ പുറത്തുവരുന്നത്.
തൊഴിലാളികളോട് സ്നേഹവും കരുണയുമില്ലാതെ പെരുമാറുന്ന അറബിയായാണ് തലിബ് അൽ ബലൂഷി ചിത്രത്തിലെത്തിയത്. സൗദിയുടെ പ്രതിച്ഛായക്ക് തന്നെ മങ്ങലേൽക്കുന്ന രീതിയിലാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്ന് സുൽത്താൻ അൽനെഫായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ശക്തമായ പ്രതിഷേധവും നടന്നു. സിനിമയിൽ അഭിനയിച്ചതിന്റെ പേരിൽ നിരവധി സൈബർ ആക്രമണങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു.
വിമർശനങ്ങളിലും നടനെതിരെയുള്ള സൈബർ ആക്രമണങ്ങളിലും പ്രതികരിച്ച് സംവിധായകൻ ബ്ലെസി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഏതെങ്കിലും വ്യക്തിയുടെയോ രാജ്യത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും സിനിമയുടെ അവസാന ഭാഗത്ത് നജീബിനെ സഹായിക്കുന്ന കരുണയുള്ള ഒരു കഥാപാത്രത്തിലൂടെ അറബ് ജനതയുടെ അനുകമ്പയും സ്നേഹവും എടുത്തുകാണിക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും ബ്ലെസി വ്യക്തമാക്കി.













