വയനാട്: മുണ്ടക്കൈ, ചൂരൽമല, അട്ടമല എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതബാധിതരായവരുടെ പുനരധിവാസത്തിന് ധനസഹായവുമായി ഉത്തർപ്രദേശ്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി 10 കോടിയാണ് യുപി സർക്കാർ അനുവദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചത്.
വയനാട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ച് ഗവർണർ കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥിന് കത്ത് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം നൽകുന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ അറിയിച്ചിരിക്കുന്നത്.
ദുരിതബാധിതരുടെ പുനരധിവാസം ചർച്ച ചെയ്യുന്നതിനായി വരുന്ന 29-ന് മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. ഓൺലൈനായി നടക്കുന്ന ചർച്ചയിൽ റവന്യൂ-ഭവനനിർമാണം, വനം-വന്യജീവി, ജലവിഭവം, വൈദ്യുതി, ഗതാഗതം, രജിസ്ട്രേഷൻ-പുരാരേഖ, ധനകാര്യം, പൊതുമരാമത്ത്-വിനോദസഞ്ചാരം, പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കവിഭാഗക്ഷേമ വകുപ്പ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, അഡീഷണൽ ചീഫ് സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും.