തിരുവനന്തപുരം: ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്ന നടി ദിവ്യ ഗോപിനാഥിന്റെ ആരോപണത്തിൽ പ്രതികരിച്ച് അലൻസിയർ. നിയമനടപടി നേരിടാൻ തയ്യാറാണെന്നും തെറ്റുകാരനാണെങ്കിൽ കോടതി ശിക്ഷിക്കട്ടെയെന്നും അലൻസിയർ പറഞ്ഞു.
അതേസമയം, അലൻസിയർക്കെതിരെയുള്ള പരാതിയിൽ താര സംഘടനയായ അമ്മ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നടി ദിവ്യ ഗോപിനാഥ് വ്യക്തമാക്കി. ആഭാസം എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് അലൻസിയർ മോശമായി പെരുമാറിയെന്നായിരുന്നു ദിവ്യ ഗോപിനാഥന്റെ ആരോപണം. 2018-ലാണ് നടി അമ്മക്ക് പരാതി നൽകിയത്. എന്നാൽ പേരിനൊരു നടപടി സ്വീകരിക്കാൻ പോലും അമ്മ തയ്യാറായില്ലെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
അലൻസിയർ ക്ഷമ പറഞ്ഞല്ലോ എന്നായിരുന്നു അന്നത്തെ അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണമെന്നും ദിവ്യ ഗോപിനാഥ് പറഞ്ഞു. ഇതിനിടെയാണ് ഇടവേള ബാബുവിനെതിരെ ആരോപണമുന്നയിച്ച് നടി മിനു മുനീർ രംഗത്തെത്തിയത്. ഇടവേള ബാബു തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടുണ്ടെന്നും മിനു മുനീർ വെളിപ്പെടുത്തി.















