ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം സ്ത്രീ 2 വിന്റെ അണിയറയിൽ മലയാളിയും. ഓഗസ്റ്റ് 15-ന് തിയേറ്ററിലെത്തിയ ചിത്രം ബോക്സോഫീസിൽ കുതിക്കുമ്പോൾ മലയാളികൾക്കും അഭിമാനിക്കാം. മലയാളിയായ ജസ്റ്റിൻ വർഗീസാണ് സ്ത്രീ-2 ന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.
പശ്ചാത്തല സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് സ്ത്രീ. ചിത്രത്തിലെ ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തലസംഗീതത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്. സ്ത്രീയെ കൂടാതെ മഡ്ഡോക്ക് ഫിലിംസിന്റെ സൂപ്പർനാച്ചുറൽ യൂണിവേഴ്സിലെ മറ്റൊരു ചിത്രത്തിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
അടുത്തിടെ പുറത്തിറങ്ങിയ മുഞ്ജ്യ എന്ന ബോളിവുഡ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ജസ്റ്റിൻ വർഗീസാണ് ഒരുക്കിയത്. തണ്ണീർമത്തൻ ദിനങ്ങൾ, ജോജി, അജഗജാന്തരം എന്നീ ചിത്രങ്ങളിൽ ജസ്റ്റിൻ വർഗീസ് ഒരുക്കിയ പശ്ചാത്തലസംഗീതം ഏറെ ശ്രദ്ധനേടിയിരുന്നു.
ആഗോള ബോക്സോഫീസിൽ 560 കോടിയാണ് സ്ത്രീ നേടിയിരിക്കുന്നത്. ഹൃത്വിക് റോഷൻ, അക്ഷയ് കുമാർ താരങ്ങളുടെ ചിത്രങ്ങളെ വീഴ്‌ത്തിയാണ് സ്ത്രീ ബോക്സോഫീസിൽ കുതിക്കുന്നത്.















