എറണാകുളം: തന്റെ സിനിമയിലെ ലൈംഗിക ചൂഷണ സീൻ യാദൃശ്ചികമല്ലെന്ന് വെളിപ്പെടുത്തി യുവ സംവിധായികയായ ശ്രുതി ശരണ്യം. താൻ സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ എന്ന സിനിമയിലെ രംഗമാണ് ശ്രുതി ശരണ്യം ചൂണ്ടിക്കാട്ടിയത്. സമാനമായ സാഹചര്യത്തിൽ സംവിധായകൻ വികെ പ്രകാശ് ലൈംഗികമായി ചൂഷണം ചെയ്യാൻ നോക്കിയെന്ന വെളിപ്പെടുത്തലുമായി കഥാകാരി രംഗത്തെത്തിയതിന് പിന്നാലെയാണ് ശ്രുതി ശരണ്യം സമൂഹമാദ്ധ്യമങ്ങളിലൂടെ ഇതിനോട് സമാനമായ തിരക്കഥയിലെ സീൻ സംഭാഷണമടക്കം പങ്കുവച്ചത്.
കഥ പറയാൻ വികെ പ്രകാശ് കൊല്ലത്തെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്ന് ആയിരുന്നു കഥാകാരിയുടെ വെളിപ്പെടുത്തൽ. കഥ പറയാനായിട്ടാണ് വികെ പ്രകാശിനെ ബന്ധപ്പെട്ടത്. 2022 ലായിരുന്നു സംഭവം. കഥയുടെ ത്രെഡ് വാട്‌സ്ആപ്പിലൂടെ അയച്ചു കൊടുത്തു. കഥ പറയാൻ കൊല്ലത്തേക്ക് വരാൻ പറഞ്ഞു.
രണ്ട് റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു. എന്റെ റൂമിലേക്ക് വന്ന് കഥ പറായൻ പറഞ്ഞു. പറഞ്ഞ് തുടങ്ങിയപ്പോൾ കഥയല്ല അഭിനയിക്കാൻ താൽപര്യം ഉണ്ടെങ്കിൽ ഒരു സീൻ പറയാം ആക്ട് ചെയ്ത് കാണിക്കാൻ പറഞ്ഞു. ബെഡ് റൂം സീൻ ആണ് പറഞ്ഞത്. അത് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ അത് താൻ ചെയ്തു കാണിക്കാം എന്ന് പറഞ്ഞ് ബെഡ്ഡിൽ കിടത്താനും ചുംബിക്കാനും ശ്രമിച്ചു. ആക്ടിംഗ് ഇഷ്ടമല്ലെന്ന് പറഞ്ഞപ്പോൾ തന്റെ റൂമിലേക്ക് വന്നാൽ കഥ കേൾക്കാമെന്ന് പറഞ്ഞു. അത് പറ്റില്ലെന്ന് പറഞ്ഞ് അദ്ദേഹത്തോട് റൂമിലേക്ക് പോകാൻ പറഞ്ഞു. കഥ കേൾക്കുകയല്ല, അദ്ദേഹത്തിന്റെ ഉദ്ദേശ്യമെന്ന് മനസിലായപ്പോൾ താൻ രാത്രിയിൽ തന്നെ അവിടെ നിന്നിറങ്ങി കൊച്ചിയിലേക്ക് തിരിച്ചുവന്നു. പിറ്റേന്ന് രാവിലെ വിളിച്ച് അദ്ദേഹത്തിന്റെ ഡ്രൈവറുടെയോ മറ്റോ അക്കൗണ്ടിൽ നിന്ന് 10000 രൂപ അയച്ചു തന്നതായും ഇത് ആരോടും പറയരുതെന്ന് പറഞ്ഞതായും യുവതി സ്വകാര്യ ടെലിവിഷൻ ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ശ്രുതി ശരണ്യം തന്റെ സിനിമയിലെ തിരക്കഥയുടെ ഭാഗം പങ്കുവച്ചത്. സമാനമായ രീതിയിൽ അഭിനയം പഠിപ്പിക്കാനെന്ന് പറഞ്ഞ് ശാരീരികമായ അതിക്രമത്തിനും ലൈംഗിക ചൂഷണത്തിനും ശ്രമിക്കുന്നതാണ് ശ്രുതി പങ്കുവച്ച സീനിൽ ഉളളത്. സ്ത്രീപക്ഷ സിനിമയായിരുന്നു ബി 32 മുതൽ 44 വരെ എന്ന സിനിമ. ഇത് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.