കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരെ ഗുരുതരമായ ആരോപണമാണ് മിനു മുനീർ എന്ന നടി ഉന്നയിച്ചത്. മുകേഷ് ലൈംഗികമായി ചൂഷണം ചെയ്യാൻ ശ്രമിച്ചുവെന്നും അമ്മയിലെ അംഗത്വം ലഭിക്കുന്നതിന് പോലും തടസം നിന്നുവെന്നും നടി ആരോപിച്ചു.
മൂന്ന് സിനിമകൾ കഴിഞ്ഞാൽ അമ്മയിൽ അംഗത്വമെടുക്കാം. ഞാൻ ആറ് സിനിമകളിൽ അഭിനയിച്ചിരുന്നു. ഇന്നസെന്റിനെ വിളിച്ചപ്പോൾ ഇടവേള ബാബുവിനെ കാണാൻ പറഞ്ഞു. ഇടവേള ബാബുവിനെ വിളിച്ചപ്പോൾ കലൂരിലെ ഫ്‌ളാറ്റിലേക്ക് വന്നാൽ അംഗത്വ ഫോറം നൽകാമെന്ന് പറഞ്ഞു. അവിടെയെത്തിയപ്പോൾ ഇടവേള ബാബുവും ലൈംഗികമായി ചൂഷണം ചെയ്യാൻ നോക്കി. ഇതിന് പിന്നാലെയായിരുന്നു മുകേഷ് വിളിച്ചത്.
“ആഹാ ഞാൻ അറിയാതെ നുഴഞ്ഞ് അമ്മയിൽ കയറാമെന്ന് വിചാരിച്ചല്ലേ ഞാൻ അറിയാതെ ഒരു സംഭവവും മലയാള സിനിമയിൽ നടക്കില്ല അത് നീ മനസിലാക്കിക്കോ” എന്നായിരുന്നു മുകേഷിന്റെ വാക്കുകളെന്ന് നടി പറഞ്ഞു. സിനിമയിൽ പവർ ഗ്രൂപ്പിന്റെ സ്വാധീനമുണ്ടെന്ന ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിഗമനത്തിൽ സജീവ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇത് ശരിവക്കുന്ന മുകേഷിന്റെ വാക്കുകളെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തൽ.
പിന്നീട് മുകേഷ് പ്രധാന വേഷത്തിലെത്തിയ നാടകമേ ഉലകം സിനിമയിൽ അവസരം ലഭിച്ചിരുന്നു. അന്ന് മുകേഷ് കാണാതെ താൻ മാറി നടന്നു. ഒരു ദിവസം അപ്രതീക്ഷിതമായി കണ്ടപ്പോൾ വിളിച്ച് എന്താണ് ഇങ്ങനെ മിണ്ടാതെ നടക്കുന്നതെന്ന് ചോദിച്ചു. നിങ്ങൾ എന്നോട് പറഞ്ഞ വാക്കുകൾ ശരിയായില്ലെന്ന് പറഞ്ഞ് ഓടിപ്പോകുകയാണ് ഉണ്ടായതെന്നും മിനു മുനീർ പറഞ്ഞു.
കുട്ടികളെ ഓർത്ത് മാത്രമാണ് താൻ പുറത്തു പറയാതിരുന്നത്. ഇത്തരം അനുഭവങ്ങൾ കൊണ്ടാണ് മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് പോയത്. ഇന്ന് കാലം മാറി. ഇപ്പോൾ എല്ലാവരുടെയും പിന്തുണ ഉണ്ടെന്ന് മനസിലായതോടെയാണ് പരാതി നൽകാൻ തയ്യാറായത്. നടൻ ജയസൂര്യയ്‌ക്കെതിരെയും മണിയൻപിളള രാജുവിനെതിരെയും നടി ആരോപണം ഉന്നയിച്ചിരുന്നു. സെറ്റിൽ വച്ച് കടന്നുപിടിക്കാൻ ശ്രമിച്ചുവെന്ന് ഉൾപ്പെടെയുളള ആരോപണങ്ങളാണ് ജയസൂര്യയ്‌ക്കെതിരെ ഉന്നയിച്ചത്.