ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപൈ സോറൻ ബിജെപിയിൽ ചേരാനൊരുങ്ങുന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും സമൂഹമാദ്ധ്യമം വഴി ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ബഹുമാന്യനായ ആദിവാസി നേതാവെന്നാണ് ഹിമന്ത ബിശ്വ ശർമ്മ ചംപൈ സോറനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ആഴ്ച ഹേമന്ത് സോറൻ ജയിൽ മോചിതനായതിന് പിന്നാലെ ചംപൈ സോറന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നിരുന്നു. അതൃപ്തി രൂക്ഷമായതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നും അദ്ദേഹം രാജിവച്ചത്. പാർട്ടി നേതൃത്വം തന്നെ അപമാനിച്ചുവെന്നും, പുതിയ രാഷ്‌ട്രീയ മാറ്റം ഉടനെ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. താൻ ഒരിക്കലും രാഷ്‌ട്രീയം ഉപേക്ഷിക്കില്ലെന്നും പാർട്ടി വിട്ടതിന് ശേഷം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. തനിക്ക് അൽപ്പം കൂടി സമയം തന്നിരുന്നുവെങ്കിൽ സംസ്ഥാനത്തിന്റെ വികസനത്തിനായി നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇതിനിടെ ചംപൈ സോറൻ ബിജെപിയിൽ ചേരാൻ ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ജാർഖണ്ഡിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഹിമന്ത ബിശ്വ ശർമ്മ ചംപൈ സോറനെ പാർട്ടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഈ വർഷം അവസാനമാണ് ജാർഖണ്ഡ് തെരഞ്ഞെടുപ്പ്. പിന്നാലെ ചംപൈ സോറൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ ഹിമന്ത ബിശ്വ ശർമ്മ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ഈ മാസം 30ാം തിയതി ചംപൈ സോറൻ ഔദ്യോഗികമായി ബിജെപിയുടെ ഭാഗമാകുമെന്നും ഹിമന്ത ബിശ്വ ശർമ്മ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 1990കളിൽ ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കുന്നതിനായി അദ്ദേഹം നൽകിയ സംഭാവനകളിലൂടെ പാർട്ടി പ്രവർത്തകർക്കിടയിൽ അദ്ദേഹം ‘ജാർഖണ്ഡ് ടൈഗർ’ എന്നാണ് അറിയപ്പെടുന്നത്.















