കോഴിക്കോട്: അജ്ഞാത വാഹനമിടിച്ച ഒൻപത് വയസുകാരി ആറുമാസമായി കോമയിൽ. വടകര ചോറോട് ദേശീയപാതയിലുണ്ടായ അപകടമാണ് ദൃഷാനയുടെ ജീവിതം മാറ്റി മറിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിലാണ്. മകളുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ സ്ഥിര താമസമാക്കിയിരിക്കുകയാണ് കുടംബം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് രാത്രി പത്ത് മണിയോടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ കണ്ണൂർ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും മുത്തശ്ശി 68 കാരി ബേബിയെയും തലശ്ശേരി ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. മുത്തശ്ശി തൽക്ഷണം മരിച്ചു. വെള്ള നിറത്തിലുള്ള കാറാണ് ഇടിച്ചത്. എന്നാൽ ഇതുവരെയും വടകര പൊലീസിന് ഈ കാർ കണ്ടെത്താനായിട്ടില്ല.
ചികിത്സയ്ക്കായി വൻ തുകയാണ് ചെലവാകുന്നതെന്ന് കുടുംബം പറയുന്നു. വാഹനം കണ്ടെത്താൻ സാധിക്കാത്തതിനാൽ അപകട ഇൻഷുറൻസ് പോലും ലഭിക്കില്ല. അന്വേഷണം നടക്കുന്നുവെന്ന് മാത്രമാണ് പൊലീസ് നൽകുന്ന വിശദീകരണം.















