ബെംഗളൂരു: ശാസ്ത്ര ലോകം ഉറ്റുനോക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യനൊപ്പം പറക്കാൻ ഈച്ചയും. കൗതുകമെന്ന് തോന്നിയാലും സംഭവം സത്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കർണാടകയിലെ ധാർവാഡ് കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത ‘ഡ്രോസോഫില മെലനോഗാസ്റ്റർ’ എന്ന ശാസ്ത്രീയ നാമമുള്ള ‘ഫ്രൂട്ട് ഫ്ലൈസ്’ അഥവാ കായീച്ചകളടങ്ങിയ കിറ്റാണ് പരീക്ഷണങ്ങളുടെ ഭാഗമായി ഗഗൻയാൻ ദൗത്യത്തിൽ ബഹിരാകാശത്തേക്ക് കുതിക്കുക.
സർവകലാശാലയിലെ ബയോടെക്നോളജി വിഭാഗത്തിലെ അംഗങ്ങളാണ് ഈച്ചയടങ്ങിയ കിറ്റ് വികസിപ്പിച്ചത്. ഏഴ് ദിനം ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന ഗഗൻയാൻ പേടകത്തിൽ 20 ഈച്ചകളടങ്ങിയ കിറ്റുമുണ്ടാകും. ഇതിൽ പത്തെണ്ണം പെൺ ഈച്ചകളായിരിക്കും. പൂജ്യം ഗുരുത്വാകർഷണത്തിൽ പേടകം ഭൂമിയെ വലം വയ്‌ക്കുമ്പോൾ കിറ്റിലെ മാറ്റങ്ങൾ ശാസ്ത്രജ്ഞർ നിരീക്ഷിക്കും. സോഡിയം ഓക്സലേറ്റ് ചേർത്ത റവയും ശർക്കരയുമായിരിക്കും ഇവയ്‌ക്ക് ആഹാരമായി നൽകുക. ഈ കാലയളവിൽ പുനരുൽപാദനവും നടക്കും.
രാജ്യത്തെ 75 കാർഷിക സർവകലാശാലകളിൽ നിന്നാണ് ധാർവാഡ് സർവകലാശാലയെ തിരഞ്ഞെടുത്തത്. രണ്ട് വർഷത്തെ ഗവേഷണത്തിന് ശേഷമാണ് കിറ്റ് തയ്യാറാക്കിയിരിക്കുന്നത്. 78 ലക്ഷം രൂപയാണ് കിറ്റിന്റെ ചെലവ്. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്നോളജിയുമായി സഹകരിച്ചാണ് കിറ്റ് വികസിപ്പിച്ചത്.
ധാർവാഡ് സർവകലാശാല വികസിപ്പിച്ച ഈച്ചകളുടെ ഭൗതികഘടന 70 ശതമാനത്തോളം മനുഷ്യൻ്റേതിന് സമാനമാണ്. ഈച്ചകളെ നിരീക്ഷിക്കുന്നത് വഴി ഭക്ഷണം സൂക്ഷിക്കുന്നതിലേക്കും ബഹിരാകാശ യാത്രികരുടെ ആരോഗ്യം സംരക്ഷിക്കുന്നതിലേക്കും വിരൽചൂണ്ടും. ബഹിരാകാശ യാത്രികർ നേരിടുന്ന പ്രധാന പ്രശ്നമാണ് മൈക്രോ ഗ്രാവിറ്റി മൂലമുണ്ടാകുന്ന അസ്ഥി ഉരുക്കം വൃക്കയിലെ കല്ല് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ഈ പഠനം നിർണായകമാകും. കാർഷിക ഗവേഷണത്തിൽ അസാധാരണമായ നേട്ടങ്ങൾക്ക് പേരുകേട്ട സർവകലാശാലയാണ് കർണാടകയിലെ ധാർവാഡ് സർവകലാശാല. ഇന്ത്യയിലെ മികച്ച പത്ത് സർവകലാശാലകളിലൊന്നാണ് ഇത്.















