കൊല്ലം: സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിനെതിരെ രൂക്ഷ വിമർശനം. മുകേഷിനെതിരായ വിമർശനങ്ങളും ആരോപണങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ വനിതാ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു.
മുൻ മന്ത്രി മേഴ്‌സികുട്ടി അമ്മ, സൂസൻ, രാധാമണി ഉൾപ്പെടെയുള്ള വനിതാ അംഗങ്ങൾ മുകേഷിനെതിരെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. മുകേഷ് എംഎൽഎ പദവി രാജി വക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നു വരികയാണ്. എന്നാൽ മുകേഷിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രതിഷേധം കടുക്കുമ്പോഴും മുകേഷിനെ പിന്തുണയ്‌ക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന നേതൃത്വത്തിനുളളത്. ചലച്ചിത്ര നയരൂപീകരണ സമിതിയിലെ മുകേഷിന്റെ സ്ഥാനവും പ്രതിഷേധത്തിന് ഇടയാക്കി.
പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ നടനെ എന്തിന് സംരക്ഷിക്കണമെന്ന ചോദ്യങ്ങളും അംഗങ്ങളിൽ ചിലർ ചോദിച്ചു. എന്നാൽ ആരോപണങ്ങളുടെ പേരിൽ മുകേഷ് എംഎൽഎ സ്ഥാനം രാജി വക്കേണ്ടതില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ അഭിപ്രായം. അതേസമയം ആരോപണം ഉന്നയിച്ചവർ പരാതി നൽകിയാൽ മുകേഷിനെതിരെ കേസെടുക്കേണ്ടി വരുന്ന സാഹചര്യവും പാർട്ടി നോക്കിക്കാണുന്നുണ്ട്.
മിനു മുനീർ ഉൾപ്പെടെയുളള നടിമാരാണ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയും ബിജെപിയും ഉൾപ്പെടെയുളള സംഘടനകൾ പ്രതിഷേധം ശക്തമാക്കിയിരുന്നു.















